ലാല്‍‌സലാം, മോഹന്‍ലാല്‍

മേയ് 22, 2012

ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകളോട് മതിപ്പു തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നടനില്‍ നിന്നും മനുഷ്യനിലേക്കിറങ്ങി വന്ന് അദ്ദേഹം പലപ്പോഴും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള മതിപ്പ് കുറക്കുവാനേ ഉതകിയിട്ടുള്ളു. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഇക്കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍‘ എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലൂടെ രോഗ ശയ്യയിലായ സ്വന്തം അമ്മയേയും, കാപാലികരാല്‍ കശാപ്പു ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ അമ്മയേയും ഒരുമിച്ച് സ്മരിക്കുക വഴി ഇതാ അദ്ദേഹം നല്ലൊരു കാര്യം ചെയ്തിരിക്കുന്നു എന്ന തോന്നലുളവാക്കുന്നു. 
http://www.thecompleteactor.com/articles2/

ഇത് തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കുകയാണെന്നോ, സ്വന്തം അമ്മ ശയ്യാവലംബിയായതു കൊണ്ട്‍, മാധ്യമശ്രദ്ധ നേടിയ മറ്റൊരമ്മയുടെ സങ്കടത്തെ കൂട്ടു പിടിച്ചതാണെന്നോ ഒക്കെ ആളുകള്‍ക്കു പറയാമെങ്കിലും, തന്റെ അവസരോചിതമായ ഈ പ്രതികരണം വഴി ടി.പി. ചന്ദ്രശേഖരന്റെ കൊലക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് വലിയൊരു കരുത്തു നല്‍കുവാന്‍ മോഹന്‍ലാലിനു കഴിഞ്ഞിരിക്കുന്നു.  പ്രത്യേകിച്ചും വിവാദ ദാഹികളായ മാധ്യമപ്പട അതിനു വന്‍ പ്രാധാന്യം നല്‍കി ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.


 ചന്ദ്രശേഖരന്റെ അമ്മയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു ശേഷം ഒരു പടി കൂടി മുന്നോട്ടു കടന്ന് “കൊല്ലുന്നവരും കൊല്ലിക്കുന്നവരുമുള്ള ഈ കേരളത്തില്‍ ജീവിക്കുവാന്‍ മടി തോന്നുന്നു, മടുപ്പു തോന്നുന്നു പേടി തോന്നുന്നു” എന്നെഴുതുമ്പോള്‍ മോഹന്‍ലാല്‍ കേരള ജനതയുടെ മുഴുവന്‍ നെഞ്ചിടിപ്പുകളും തന്റെ വരികളില്‍ പകര്‍ത്തി വയ്ക്കുന്നു.  തീര്‍ച്ചയായും കേരളത്തില്‍ ജീവിക്കുവാന്‍ മടിയും പേടിയും തോന്നുകയാണ്. വീണു കിട്ടിയ അവസരം മുതലാക്കാന്‍ ഉമ്മന്‍‌ചാണ്ടിയുടെ ‘ചെന്നായ ബുദ്ധി’ യിലൂടെ വന്ന ആഹ്വാനം കേട്ട് അധികം പേരൊന്നും പ്രതികരിക്കാതിരുന്നതിനു കാരണവും ഈ മടുപ്പല്ലാതെ മറ്റൊന്നുമാവാന്‍ കാര്യമില്ല. യാതൊരു പ്രതികരണങ്ങള്‍ക്കും ഫലമുണ്ടാക്കാനാവില്ല എന്ന തിരിച്ചറിവിലേക്ക് മുഖം തിരിക്കുന്ന അവസ്ഥയിലാണ് നാമിന്ന്. (അഴീക്കോട് മാഷിനെപ്പോലെ മുഖം നോക്കാതെ പ്രതികരിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ലാതായിരിക്കുന്നു).  ഇവിടെ ജീവിതം വെട്ടേറ്റ മുഖം പോലെത്തന്നെ ബീഭത്സമാണ്. “ആത്മഹത്യയ്ക്കും കൊലക്കും ഇടയിലൂടാ‍ര്‍ത്തനാദം പോലെ പായുന്നു ജീവിതം“  എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക്  പൂര്‍വ്വാധികം പ്രസക്തി കൈവരികയാണിപ്പോള്‍. ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കും എന്നതിന്റെ ഗുണപാഠം ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മനസ്സിലാവുമോ എന്തോ. പക്ഷേ ചില നേതാക്കള്‍ വെള്ളം കുടിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ക്കു മനസ്സിനുള്ളില്‍ സംതൃപ്തി തോന്നുന്നുണ്ട്. കൊലപാതക രാഷ്ട്രീയം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല എന്ന കാര്യം ജനങ്ങള്‍ മറന്നു പോകാന്‍ പാടില്ല. സി.പി.എമ്മിനോടൊപ്പം തന്നെ കോണ്‍ഗ്രസ്സും,  ബി.ജെ.പി.യും, ലീഗും, മറ്റനവധി തീവ്രവാദ രാഷ്ട്രീയ / മത സംഘടനകളും കേരളത്തില്‍ ഇന്നു നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാരാണ്.  അധികാരത്തിലിരിക്കുന്നവരും പുറത്തു നില്‍ക്കുന്നവരുമടങ്ങിയ അവിശുദ്ധ മത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നവ തന്നെയാണ്. ഈ അന്തരീക്ഷം പാടേ മാറേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കളും, മതനേതാക്കളും, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും ഇതിനു നേതൃത്വം നല്‍കുകയും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കേണ്ടതുമുണ്ട്. ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഇത് നിഷ്പ്രയാസം സാധിക്കാനാവുന്നതാണ്. 


ഇത്തരം കാര്യങ്ങള്‍ പ്രശസ്തരായവര്‍ പറയുമ്പോള്‍ അതെത്ര ചെറിയതായാല്‍പ്പോലും വലിയ മാധ്യമശ്രദ്ധ ലഭിക്കാറുണ്ട്.  പ്രശസ്തരായ പലരും മൌനം ഭജിക്കുമ്പോള്‍, വളരെ പ്രയത്നമില്ലാത്ത ലളിതമായ ഒരു ബ്ലോഗ് പോസ്റ്റു കൊണ്ട് മോഹന്‍ലാലിന് വലിയൊരു കാര്യം സാധിക്കാനായി എന്നിടത്താണ് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റിന്റെ പ്രസക്തി. 

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

Advertisements

സുകുമാര്‍ അഴീക്കോട്

ജനുവരി 24, 2012

സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്. 
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കാമെങ്കിലും ചെറുപ്പക്കാര്‍ക്കു പോലുമില്ലാത്ത ചുറുചുറുക്കോടെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ എപ്പോഴും ഉറക്കത്തില്‍ നിന്നുമുണര്‍ത്തുവാനുതകിയിരുന്നു. 
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ച് – 
ആദരാഞ്ജലികള്‍

ഉറക്കം കെടുത്തുന്ന എഴുത്തുകള്‍

ഒക്ടോബര്‍ 26, 2011

ചിലര്‍ക്ക് സത്യത്തെ ഭയവും വെറുപ്പുമാണ്. എപ്പോഴും അതിനെ തമസ്കരിക്കുവാനോ മൂടിവയ്ക്കുവാനോ ആയിരിക്കും അവരുടെ ശ്രമങ്ങളെല്ലാം. ചരിത്രത്തിലുടനീളം ഇത്തരം ഗൂഢശ്രമങ്ങളുടെ കറുത്ത അടയാളങ്ങള്‍ കാണാം.

രാമായണം നമ്മുടെ ആദ്യകാല ക്ലാസ്സിക്ക് കൃതികളില്‍ ഒന്നാണ്. ആദ്യകവി വാത്മീകിയാല്‍ വിരചിതം എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. രാമായണത്തിലെ കഥാപാത്രങ്ങള്‍ക്കും, കഥകള്‍ക്കും, കഥാസന്ദര്‍ഭങ്ങള്‍ക്കും നിരവധി വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. ചെറുപ്പം മുതലേ ഹിന്ദു കുടുംബങ്ങളില്‍ നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു കൃതി എന്നതിനാല്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് രാമായണത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. ഭാരതം വിട്ട് പുറം രാജ്യങ്ങളിലും രാമായണം ചെലുത്തിയ സ്വാധീനം നിസ്സാരമല്ല.

അങ്ങിനെ പല ദേശങ്ങളില്‍, പല കാലങ്ങളില്‍ വാമൊഴിയായും, വരമൊഴിയായും പടര്‍ന്ന രാമായണത്തിന് നിരവധി ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട് എന്നത് തികച്ചും സ്വാഭാവികം മാത്രം.  പ്രശസ്തനായ ഏ.കെ. രാമാനുജം എഴുതിയ ‘Three Hundred Ramayana’s: Five Examples and Three Thoughts on Translations” ( ‘300 രാമായണങ്ങള്‍ – അഞ്ച് ഉദാഹരണങ്ങളും വിവര്‍ത്തനങ്ങളെപ്പറ്റിയുള്ള മൂന്ന് ചിന്തകളും)” എന്ന ലേഖനത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനം കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങാളായി ദില്ലി യൂണിവേഴ്സിറ്റിയുടെ ബി.ഏ. പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ചു വരുന്നുണ്ട്.

അങ്ങിനെയിരിക്കെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് തോന്നാന്‍ തുടങ്ങുകയും, ബി.ജെ.പി തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി.യിലൂടെ പ്രസ്തുത ലേഖനം പാഠ്യപദ്ധതിയില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്നു കാണിച്ച് പ്രക്ഷോഭം അഴിച്ചു വിടുകയുമുണ്ടായി. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണയ്ക്ക്
വരികയും കോടതി ഒരു 4 അംഗ കമ്മിറ്റിയെ വച്ച് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏല്‍പ്പിക്കുകയുമുണ്ടായി. പ്രശ്നം പഠിച്ച 4 കമ്മിറ്റിക്കാരില്‍ മൂന്നു പേര്‍ക്കും ലേഖനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെ. സംഗതികള്‍ ഇങ്ങിനെയായിരിക്കെ ലേഖനം പാഠ്യപദ്ധതിയില്‍ നിന്നും നീക്കുവാന്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് കൌതുകകരമായ വാര്‍ത്ത. http://www.tehelka.com/story_main50.asp?filename=Ws241011RAMAYANA_RUCKUS.asp

രാമായണം എന്ന സീരിയല്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിച്ചതെന്നത് ചരിത്രമാണ്. (രാമാനന്ദ് സാഗറിന്റെ ടി.വി.സീരിയലും അതിനു ശേഷം അദ്വാനി നടത്തിയ രഥയാത്രയും ഈ ഇടം ഉറപ്പിക്കലിന്റെ മുന്നോടിയായിരുന്നു എന്ന കാര്യം ഓര്‍മ്മപ്പെടുത്തുകയാണിവിടെ). തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനുതകിയ രാമായണത്തില്‍ നിന്നും ഭിന്നമായി വേറൊരു രാമായണമോ? അതു പാടില്ല എന്നതാണ് ബി.ജെ.പി. ഭാഷ്യത്തിന്റെ രത്നച്ചുരുക്കം.

രാമായണത്തിലെ പല ഭാഗങ്ങളും പല ആളുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന പ്രബലമായ വാദങ്ങള്‍ നിലനില്‍ക്കെ, രാമായണത്തിനു തന്നെ മുന്നൂറില്‍പ്പരം ഭാഷ്യങ്ങള്‍ നിലവിലുണ്ട് എന്ന സത്യം എന്തു കൊണ്ട് ഹൈന്ദവ മതത്തിന്റെ അനുയായികള്‍ക്ക് അനഭിമതമാകണം. ഇവിടെയും സത്യം നിലനില്‍ക്കണം എന്നതിനേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്നത് ഏതാണോ, സത്യമല്ലെങ്കില്‍പ്പോലും അത് സത്യമാണെന്ന് അംഗീകരിക്കപ്പെടണം എന്ന ബാലിശമായ വാദഗതിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കാണാം. രാമാനുജത്തിന്റെ ലേഖനം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://www.sacw.net/IMG/pdf/AKRamanujan_ThreeHundredRamayanas.pdf

ഈയടുത്ത് കേരളത്തില്‍ ഉണ്ടായ സമാനമായ ഒരു സംഭവം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ചരിത്ര സത്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് മ്ലേച്ഛമെന്നു തോന്നിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റുവാന്‍ നടത്തിയ ശ്രമങ്ങള്‍. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തെത്തുടര്‍ന്നു സമൂഹത്തിലുണ്ടായ വന്‍ മാറ്റങ്ങളെക്കുറിച്ചുള്ള പാഠത്തില്‍ ക്രിസ്തുമത അധികാരികളുടേയും, പ്രഭുക്കന്മാരുടേയും ദുര്‍ഭരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെന്നതാണ് സഭയ്ക്ക്  തലവേദനയുണ്ടാക്കുന്നത്.  ഏറ്റവും  രസകരമായ കാര്യം വളരെക്കാലങ്ങളായി പ്രസ്തുത പാഠപുസ്തകത്തില്‍ പറയുന്ന ഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരുന്നവയാണെന്നും ഇപ്പോഴാണ് അതുണ്ടാക്കുന്ന പ്രതിഛായാ നഷ്ടത്തെപ്പറ്റിയും സഭയ്ക്ക് ബോധം വന്നതും എന്നതാണ്.  കുട്ടികള്‍ യഥാര്‍ത്ഥത്തിലുള്ള ചരിത്രം പഠിക്കുന്നത് സഭയെ വല്ലാതെ സംഭ്രമിപ്പിക്കുന്നുണ്ട് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചു പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ബാബു പോള്‍ കമ്മിറ്റി സഭയുടെ ദുരാഗ്രഹങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരി പോലെ ഉരുകി സഭയോടു ചേര്‍ന്നത് ചരിത്രബോധം എന്നത് ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ വന്ധീകരിച്ചു കൊണ്ടുള്ളതാണ് എന്ന് അടിവരയിട്ടു സ്ഥാപിച്ചു.

“ചരിത്രപഠനം ചരിത്രത്തെ ആക്ഷേപിക്കലല്ല; ചരിത്രത്തെ വികലമാക്കുന്ന പ്രവൃത്തിയുമല്ല. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍  അതുമാത്രം കണ്ടെത്തുന്നതും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതും ചരിത്രപഠനമല്ല. ചരിത്രപഠനം എന്നതു ചരിത്രത്തിൽനിന്നു പാഠം പഠിക്കുകയാണ്‌. അതിനു സത്യസന്ധമായ സമഗ്രവീക്ഷണം കൂടിയേ തീരൂ.“ – സഭയെ ആക്ഷേപിക്കാന്‍ ചരിത്ര ദുര്‍വ്യാഖ്യാനം – എന്ന തന്റെ ലേഖനത്തില്‍   ബിഷപ് മാര്‍ ജോസഫ് കല്ലാര്‍‌റങ്ങാട്ട് ചരിത്രമെന്താണെന്ന് എഴുതിവിടുന്നത് കേട്ടാല്‍ നാം മൂക്കത്തു വിരല്‍ വച്ചുപോകും.  http://mym.smcnews.com/2011/05/blog-post_19.html  ചരിത്രം നടന്ന കാര്യങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണെന്നിരിക്കെ കഴിഞ്ഞതെന്തായിരുന്നുവോ അതാണ് ചരിത്രം. അതില്‍ മുറിച്ചു മാറ്റലുകളോ, വെള്ള പൂശലുകളോ നടത്തിയാല്‍ ചരിത്രമാകില്ല.  ചരിത്രത്തെ അംഗീകരിക്കാനുള്ള ആര്‍ജ്ജവം പോലുമില്ലാത്തവര്‍ ചരിത്രത്തില്‍ നിന്നും എന്താണ് പഠിക്കുക.

പിറകോട്ടു നോക്കിയാല്‍ ഇനിയും കാണാം ഇത്തരം സംഭവങ്ങള്‍. റോഹിന്റണ്‍ മിസ്തിരിയുടെ “സച് എ ലോംഗ് ജേണി” (such a long journey – by Rohinton Mistry) എന്ന പുസ്തകം മുംബെ യൂണിവേഴ്സിറ്റിയുടെ രണ്ടാം വര്‍ഷ ബി.എ. സിലബസ്സില്‍ നിന്നും 20 വര്‍ഷത്തെ പഠിപ്പിക്കലിനു ശേഷം ഇതേ പോലെ തന്നെ പിന്‍‌വലിക്കപ്പെടാനിടയായത്  കഴിഞ്ഞ സെപ്തംബറില്‍. ഇതിനു പിന്നിലാകട്ടെ ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടന (ഭാരതീയ വിദ്യാര്‍ത്ഥി സേന) യായിരുന്നു. കാരണം ശിവസേനയെ പ്രസ്തുത പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടത്രെ. ഇവിടേയും തങ്ങള്‍ക്കിഷ്ടമല്ലാത്തത് ചരിത്രമായാലും കഥയായാലും സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള കഴിവ് ഇത്തരം സംഘടനകള്‍ക്കു നഷ്ടമായി എന്നതാണ്.
http://www.indianexpress.com/news/after-20-years-such-a-long-journey-hits-sen/691700/
(Reading of excerpts from Rohinton Mistry’s book – 18 Oct 2010 Mumbai) http://www.sacw.net/article1626.html

മുകളില്‍ പറയുന്ന മൂന്നു സംഭവങ്ങളും കാണിക്കുന്നത് തങ്ങള്‍ക്ക് അനഭിമതമെന്നു തോന്നുന്നത് സമൂഹത്തിന്റെ മസ്തിഷ്കത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് അഭിമതമായതു ഏകപക്ഷീയമായി കുത്തി നിറക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങള്‍ക്കു പിറകില്‍ വര്‍ത്തിക്കുന്ന ശക്തികള്‍ ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ സ്വരമല്ലാതിരിക്കുമ്പോഴും, അവരെടുക്കുന്ന തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുന്നു എന്ന കാഴ്ച വളരെയധികം ഭീതിതമാണ്. ഇത്തരം അടിപ്പെടലുകള്‍  വിജ്ഞാനത്തെ വികലമാക്കുകയാണ് ചെയ്യുന്നത്.

മതാതിഷ്ഠിത രാഷ്ട്രങ്ങളില്‍ തങ്ങളുടേതില്‍ നിന്നും ഭിന്നമായ ചിന്തകള്‍ക്കു വിലങ്ങിട്ടിരിക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നഭിമാനിക്കുന്ന  ഭാരതത്തില്‍ സ്വതന്ത്ര ചിന്തകളുടെ ജിഹ്വകള്‍ക്ക് അടിക്കടി വിലങ്ങു വീണു കൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ എന്തെഴുതണമെന്നും, വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണമെന്നും മനുഷ്യരെ പരസ്പരം ലേബലുകളിട്ട് മാറ്റി നിര്‍ത്തുന്ന മാതാധിപന്മാരും, ഗുണ്ടാ രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന ആസുരകാലത്തിലേക്ക് അതിവേഗം തള്ളിമാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണു നാം.

അറിവ് വെളിച്ചമാണ്. അറിവാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം. അത് കലര്‍പ്പില്ലാത്തതാവണം. ആ അറിവില്‍ അന്ധകാരത്തിന്റെ വിഷം കലര്‍ത്തുന്നവര്‍ വലിയൊരു സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്.   തമസ്സോ മാ ജ്യോതിര്‍ഗമയ … ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കു നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ് ഭാരതീയ പാരമ്പര്യം.  പക്ഷെ  വെളിച്ചത്തെ ഇരുളാക്കുന്ന കാര്യത്തില്‍ തങ്ങളുടേതു മാത്രമാണ് തദ്ദേശീയ മതം എന്നഹങ്കരിക്കുന്ന ബി.ജെ.പി. – ശിവസേനാ കക്ഷികളും, വിദേശമണ്ണില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട മതത്തിന്റെ വക്താക്കളെന്ന് ആക്ഷേപിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികളും തമ്മിള്‍ യാതൊരു വ്യത്യാസവുമില്ല.

എം.എഫ്. ഹുസൈനിന്റെ മരണം ഉണര്‍ത്തുന്ന ചില ചിന്തകള്‍ | M.F. Hussain

ജൂണ്‍ 11, 2011

ഇന്ത്യക്കാരനായ വിശ്വവിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ വച്ചു മരണപ്പെട്ടു. ആഗ്രഹമുണ്ടായിട്ടും ഇന്ത്യയില്‍ തന്റെ അന്ത്യ കാലങ്ങള്‍ ചിലവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദൈവങ്ങളെയും, മനുഷ്യരേയും നഗ്നരാക്കി ചിത്രീകരിക്കുന്ന കര്യത്തില്‍ അദ്ദേഹം പക്ഷപാതം കാണിച്ചു എന്നതാണ് കാര്യം. പ്രത്യേകിച്ചും ഹൈന്ദവ ദൈവങ്ങളുടെ നഗ്നത അദ്ദേഹത്തിന്റെ ബ്രഷിനിരയായപ്പോള്‍, ഒരു കോലാഹലമുണ്ടാക്കാന്‍ അവസരം പാര്‍ത്തു കാത്തു നിന്നവര്‍ മൈതാനം കയ്യടക്കുന്ന കാഴ്ചയാണു നാം കണ്ടത്. കോടതിക്ക് ഹുസൈന്‍ വരച്ച ചിത്രങ്ങളില്‍ വിവാദപരമായൊന്നും കാണാന്‍ കഴിയാതിരുന്നിട്ടും, ‘ഞങ്ങളിവിടെങ്ങുമില്ല കേട്ടോ‘ എന്ന മട്ടില്‍ നിന്ന ഭരണാധികാരികളുടെ നിസ്സംഗത ഉറഞ്ഞു മഞ്ഞായിത്തീര്‍ന്നപ്പോള്‍ പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യുക തന്നെ ഒരു ചിത്രകാരന്റെ വിധി.

വരയില്‍ പിക്കാസോയുടെ ശൈലി പിന്തുടര്‍ന്ന ഹുസൈന്‍, ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതിന് വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കുക തന്നെ ചെയ്യും. ഹൈന്ദവ ദൈവങ്ങളെത്തന്നെ വിവസ്ത്രരാക്കാന്‍ ഹുസൈന്‍ എന്തിനു ശ്രമിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ക്ഷുഭിത യൌവ്വനത്തിന്റെ കവിയെന്നറിയപ്പെടുന്ന നമ്മുടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു വരെ ഇക്കാര്യത്തില്‍ സംഘപരിവാരങ്ങളുടെ ശബ്ദമണുണ്ടായിരുന്നത്. അതിനൊരുത്തരമേ നമുക്കു ചിന്തിക്കുവാന്‍ കഴിയൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുരാതന കാലം മുതല്‍ ഹൈന്ദവ സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നിരിക്കണം എം.എഫ്. ഹുസൈനിന്റെ ഭാവനയ്ക്ക് ഇത്ര മേള്‍ സ്വതന്ത്രമായി വിഹരിക്കുവാനവസാരം കൊടുത്തത്. ഇതിനൊരപവാദമുണ്ടായത് സംഘപരിവാരങ്ങളുടെ  വേരുകളും ശിഖരങ്ങളും ഹൈന്ദവ സമൂഹത്തിനുമേള്‍ പടരുവാനും പന്തലിക്കുവാനും തുടങ്ങിയപ്പോളാണ്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിന്റെ കാലവും ഈ ഘട്ടത്തിലായിപ്പോയെന്നു മാത്രം. ഹൈന്ദവ മേഖല വിട്ട് മറ്റു മതങ്ങളുടെ ദൈവനഗ്നതകളിലേക്കായിരുന്നു ഒരു പക്ഷേ  ഹുസൈനിന്റെ ബ്രഷുകള്‍ ചലിച്ചിരുന്നതെങ്കിലോ?  ബ്രഷുകളോ, ചായങ്ങളോ ഇല്ലാത്ത ഒരു ലോകത്തേക്ക് അദ്ദേഹം എന്നേ യാത്രയായേനെ.

പല വട്ടം ചര്‍ച്ച ചെയ്തതാണെനിലും ഇനിയൊരിക്കലും ‘നിര്‍മ്മാല്യം’ പോലൊരു സിനിമയെടുക്കുവാന്‍ എം.ടി. യും, ‘ഭഗവത് ഗീതയും കുറേ മുലകളും’ എഴുതാന്‍ ബഷീറിനോളം പോന്ന ഒരെഴുത്തുകാരനും ചിന്തിക്കുന്നതിനു പോലും സാധിക്കാത്ത വിധം കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.   ഹുസൈനിന്റെ വിധിക്കു സമാനമാണ് സല്‍മാന്‍ റുഷ്ദിയുടേയും, തസ്ലീമ നസ്രീനിന്റേയും അവരുടെ പാതകള്‍ പിന്തുടരുന്നവരുടെയും അവസ്ഥകള്‍. അവരെല്ലാവരും നാളെ തങ്ങളുടെ പിറന്ന മണ്ണില്‍ നിന്നകന്ന് ഈ ഭൂമിയോടു വിട പറയേണ്ടി വരും.

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

ഭീംസെന്‍ ജോഷി | BHIMSEN JOSHI

ജനുവരി 25, 2011

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതുല്ല്യനായ മറ്റൊരുപാസകന്‍ കൂടി അന്തിമമായ മോക്ഷത്തിലേക്കലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

സാവലേ സുന്ദര് രൂപ് മനോഹര്
രാഹോ നിരന്തര് ഹൃദയീ മാഝേ ..

ഭീംസെന്‍ ജോഷി പാടുമ്പോള്‍, നമ്മള്‍ പാട്ടു കേള്‍ക്കുകയല്ല, പാട്ടായി മാറുകയാണ് ചെയ്യുന്നത്.

പ്രൌഡഗംഭീരമാര്‍ന്ന ശബ്ദസൌകുമാര്യം കൊണ്ടും, തനിക്കു മാത്രം സ്വന്തമായ സവിശേഷതയാര്‍ന്ന ആലാപന ശൈലി കൊണ്ടും കേള്‍വിക്കാരനെ പാ‍ട്ടിന്റെ മാസ്മരികതയിലേക്കാവാഹിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു.

‘വന്ദേമാതരം‘ പല കണ്ഠങ്ങളിലൂടെയും പല രൂപ ഭാവ താളക്കൊഴുപ്പുകളോടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ഭീംസെന്‍ ജോഷി പാടുമ്പോള്‍ അതിലൊളിച്ചിരിക്കുന്ന അമേയമായ ഒരു ശക്തി പുറത്തു വരുന്നതു പോലെ, അതിന്റെ ലയത്തില്‍ സ്വയം വിസ്മൃതരായി നമ്മുടെ ഇന്ദ്രിയങ്ങളും അദ്ദേഹത്തിനൊപ്പം “വ..ന്ദേ …..മാതരം” എന്ന ഉച്ചസ്ഥായിയിലേക്ക് ഉണരുന്നതു പോലെ.

ജന്മനാ തന്നെ സിരകളില്‍ ഉണ്ടായിരുന്ന സിംഗീതത്തിന്റെ കമ്പനം കൊണ്ടാകണം വെറും പതിനൊന്നാം വയസ്സില്‍ സംഗീതപഠനത്തിനായി ഗുരുവിനേയും തേടി വീടു വിട്ടിറങ്ങുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ അരങ്ങേറ്റം, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ ആല്‍ബം, ജീവിതം തന്നെ സംഗീതമാക്കിയ അദ്ദേഹത്തെ തേടിയെത്തിയ ഉപഹാരങ്ങളും, അംഗീകാരങ്ങളും നിരവധി.

“ജയ ദുര്‍ഗ്ഗേ, ദുര്‍ഗതി പരിഹാരിണീ …
സാംബ വിതാരിണീ മാത ഭവാനി” എന്ന ദ്രുത ഗതിയിലുള്ള ഭജനയും, വളരെ സാവകാശത്തില്‍ മാത്രം പാടാറുള്ള “പിയാ തോ മാനത്ത് നാഹീ…” എന്ന തുമ്രിയും ഭീംസെന്‍ ജോഷിയുടെ അനുഗ്രഹീത ശബ്ദത്തിലൂടെ പാടിക്കേള്‍ക്കുമ്പോള്‍ നമ്മള്‍ ഏതോ പുതിയ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടാകുന്നു.

അദ്ദേഹത്തിന്റെ ഓരോ ആലാപനവും ഓരോ പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. മിസ്റ്റിക് കവിയായ കബീര്‍ദാസിന്റെ കൃതികള്‍ ഭീംസെന്‍ ജോഷിയുടെ ആലാപനത്തില്‍ നീരാടിയുണരുന്ന അനുഭവം അനിര്‍വചനീയം തന്നെ.

“യേ തന്‍ മുണ്ടനാബെ മുണ്ടനാ… ആഖിര്‍ മട്ടീ മേ മില്‍ ജാനാ ..”
“ബീത് ഗയേ ദിന്‍ ഭജന് ബിനാ ….”

എന്നു തുടങ്ങിയ പാട്ടുകള്‍ എത്ര കേട്ടാലും മതി വരാതെ കേള്‍വിയെ മോഹിപ്പിച്ചു നിറുത്തുന്നു. കബീര്‍ കൃതികളുടെ അന്തര്‍ധാരയായ ആത്മീയതയും തത്വചിന്തയും അവയര്‍ഹിക്കുന്ന ഗരിമയോടെ പ്രകാശിപ്പിക്കുവാന്‍
ഭീസെന്‍ ജോഷിയുടെ കരുത്തുറ്റ ശബ്ദത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് സംശയിക്കത്തക്കവിധം ഇഴചേര്‍ന്നു കിടക്കുന്നു സാഹിത്യവും ശബ്ദവും.

“ബാജേ മുരളിയാ ബാ..ജേ…” എന്നു തുടങ്ങുന്ന മനോഹരമായ ഗാനം അദ്ദേഹം ലതാ മങ്കേഷ്ക്കറോടൊത്താണ് പാടിയിരിക്കുന്നത്. ആദ്യത്തെ നാലു വരികളും, ആവര്‍ത്തനങ്ങളും കഴിഞ്ഞിട്ടാണ് “അധര ധരേ മോഹന് മുരളീ പര്, ഓഠ് പേ മായാ .. ബിരാ…ജേ….” എന്ന വരികള്‍ ജോഷിയുടെ ശബ്ദത്തിലേക്കു കൂടു മാറുന്നത്. പിന്നെ അനുപമമായ, രണ്ടു ശബ്ദങ്ങളും ചേര്‍ന്നൊരുക്കുന്നത് പറഞ്ഞറിയിക്കാനാവത്ത ഒരു സംഗീതാനുഭൂതിയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളാണ്.

ജോഷിയെപ്പറ്റി എഴുതിയാല്‍ മതി വരില്ല. തന്റെ അനശ്വരമായ ശബ്ദം മാനവ രാശിക്കായി സമര്‍പ്പിച്ചിട്ട് ഒരു രാഗം പാടിത്തീര്‍ന്നതു പോലെ കാലത്തിലേക്കു മറഞ്ഞ ആ മഹാ പ്രതിഭയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ സാഷ്ടാംഗ പ്രണാമം.

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

ശബരിമല എന്ന ദുരന്തമല

ജനുവരി 14, 2011

ഭക്തിവ്യവസായത്തിന്റെ കുതിപ്പില്‍ ദു:ഖകരമായ ഒരേടു കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു ഇന്നലെ രാത്രി ശബരിമല വണ്ടിപ്പെരിയാറിലുണ്ടായ ദുരന്തം.

മകരജ്യോതി നന്നായി കാ‍ണുവാനായി വണ്ടിപ്പെരിയാറിലെ ‘പുല്‍മേട്’ എന്ന സ്ഥലത്ത് തടിച്ചു കൂടിയിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരിലധികവും എന്ന് അറിയുന്നു. കേടു വന്ന ഒരു ജീപ്പ് തള്ളിമാറ്റുന്നതിനിടയില്‍ അതു മറിയുകയും മകരജ്യോതി കണ്ട് മടങ്ങുകയായിരുന്ന ഭക്തന്മാര്‍ അതിനടിയില്‍പ്പെടുകയുമാണുണ്ടായിരുന്നത് എന്നും, റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറില്‍പ്പരം ഭക്തന്മാരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു.

ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല.

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.  

മകരജ്യോതിയുടെ വിശ്വാസ്യതയെപ്പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും, വ്യക്തവും കൃത്യവുമായ ഒരു മറുപടി തരാന്‍ ഗവര്‍മ്മെന്റിനോ മറ്റു ബന്ധപ്പെട്ട ആളുകള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന കാര്യം ബാക്കി നില്‍ക്കുന്നു.  

ബിവറേജ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നെന്ന പോലെ ശബരിമലയിലെ വരുമാനത്തില്‍ നിന്നും പങ്കു പറ്റുന്ന ഗവര്‍മ്മെന്റിനും ശബരി മലയില്‍ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ ഇതു വരെ നില നിന്നു പോന്ന ദുരൂഹത അതേ പടി നിലനിര്‍ത്തുവാനാണ് ആഗ്രഹം. അതേ സമയം, കൊല്ലം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തജന പ്രവാഹത്തിന് വേണ്ടത്ര സൌകര്യങ്ങളൊരുക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്ത ഗവര്‍മ്മെന്റു നയങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു.

ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും.

അഭയ, ലാവ്‌ലിന്‍, 2G

ഡിസംബര്‍ 29, 2010

ദിവസേനെയെന്നോണം വിവാദങ്ങള്‍ കൊടിയേറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എന്നത്തേയും പോലെ നിരവധി വിവാദങ്ങളെ അതാതിന്റെ വിധിക്കു വിട്ടു കൊണ്ട് ഒരു വര്‍ഷം കൂടി അവസാനിക്കുന്നു.


2010യില്‍ വന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ അവസാനത്തെ വിവാദമായ 2G സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലെ ഐറ്റം നമ്പരുകളുമായി പ്രത്യക്ഷപ്പെട്ടത് നീരാറാഡിയ, ബര്‍ഘാ ദത്ത് എന്നീ പെണ്‍ സിംഹങ്ങളാണെന്നുള്ളതായിരുന്നു വിസ്മയകരമായ കാര്യം. അതു കൊണ്ടു തന്നെ കൂടുതല്‍ എരിവും, പുളിയും, മസാലയുമൊക്കെയായി മേള കൊഴുത്തു.


സ്പെക്ട്രം അഴിമതി മേളയിലേക്ക് ഒടുവിലെത്തിയിരിക്കുന്നത് എന്നും വളരെ നീതിമാന്‍ എന്നറിയപ്പെട്ടിരുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീ കെ.ജി.ബാലകൃഷ്ണനും.


അഴിമതിയില്‍പ്പെടുന്നവര്‍ സാധാരണക്കാരോ അധികം പിടിപാടുകള്‍ ഇല്ലാത്തവരോ ആണെങ്കില്‍ ചോദ്യം ചെയ്യലുകളും, ഉടനടി അറസ്റ്റുകളും ശിക്ഷയുമെല്ലാം ഉറപ്പാണ്. അല്ലെങ്കില്‍ അന്വേഷണങ്ങളും, അന്വേഷണ ഉദ്യോഗസ്ഥരും മുട്ടില്‍ക്കിടന്ന് ഇഴഞ്ഞു കൊണ്ടിരിക്കും. അങ്ങിനെ വളരെക്കാലമായി മുട്ടില്‍ക്കിടന്ന് ഇഴഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് വിവാദ കേസുകളുണ്ട് –


ഒന്ന് നിരപരാധിയായ ഒരു കന്യാസ്ത്രീയുടെ മരണത്തിനിടയാക്കിയ അഭയ കൊലക്കേസ്. അഭയ കേസ്സിലെ സുപ്രധാന വഴിത്തിരിവിന് ഇടയാക്കിയ നാര്‍കോ അനാലിസ്സിസ് പോലുള്ള ടെസ്റ്റുകള്‍ ഇനി മുതല്‍ ആരോപണ വിധേയരായവരുടെ സമ്മതം കൂടാതെ ചെയ്യുവാനുള്ള അധികാരം അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ നിന്നും എടുത്തു കളയുക വഴി വിദഗ്ധരായ കുറ്റവാളികള്‍ക്ക് രക്ഷപ്പെടുവാനുള്ള ഒരു വലിയ പഴുതു തുറന്നു കൊടുക്കുക തന്നെ ചെയ്തു. ഇനി കുറ്റം തെളിയിക്കാന്‍ നടത്തുന്ന ദേഹോപദ്രവം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും മനുഷ്യാവകാശത്തിന്റെ പേരില്‍ കുറ്റവാളികളുടെ സമ്മതത്തോടു കൂടി മാത്രമേ നടത്തുവാന്‍ പറ്റൂ എന്നു കൂടി ആയാല്‍ മുഴുവനുമായി. ചുരുക്കിപ്പറഞ്ഞാല്‍ വേണമെങ്കില്‍ കുറ്റവാളി സ്വമേധയാ കുറ്റമേറ്റു പറഞ്ഞ് കുമ്പസാരിക്കുകയും ഒളിപ്പിച്ചു വച്ച തെളിവുകള്‍ സംശയ ലേശമെന്യേ ഹാജരാക്കുകയും ചെയ്താല്‍ പോലീസ്സിന് കേസ്സു തെളിയിക്കാം.


രണ്ടാമത്തേത് വമ്പന്‍ രാഷ്ട്രീയ നേതാക്കളകപ്പെട്ട ലാവ്‌ലിന്‍ അഴിമതിക്കേസ്. ഇതില്‍ ആരോപണ വിധേയനായ നേതാവിനു വേണ്ടി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നേരത്തെയാ‍ക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ബാലകൃഷ്ണന്‍ ഇട പെട്ടു എന്ന ആരോപണവും വന്നു കഴിഞ്ഞു.


സുപ്രധാനമായ ഈ മൂന്നു കേസ്സുകളിലും ചീഫ് ജസ്റ്റിസ്സായിരുന്ന ബാലകൃഷ്ണന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന നിരവധി ആരോപണങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ബാലകൃഷ്ണനെ മുക്തകണ്ഠം പ്രശംസിച്ചിരുന്ന മാര്‍ക്സിസ്റ്റ് സഹയാത്രികനായ മുന്‍ ജസ്റ്റീസ് കൃഷ്ണയ്യര്‍ ബാലകൃഷ്ണനെ കൈവിടുക മാത്രമല്ല, വളരെയധികം ഗൌരവമര്‍ഹിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു

അഭയക്കേസ്സും, ലാവ്‌ലിന്‍ കേസ്സും, ഇപ്പോള്‍ വന്ന 2G സ്പെക്ട്രവും എന്നെങ്കിലും നിഷ്പക്ഷമായി തെളിയിക്കപ്പെടുമോ എന്ന കാര്യം നമുക്കു തല്‍ക്കാലം മാറ്റി നിര്‍ത്താം. സമൂഹത്തിന്റെ താഴേക്കിടയില്‍ കിടക്കുന്ന, വര്‍ഷങ്ങള്‍ നീണ്ട സംവരണമുണ്ടായിട്ടും മറ്റു ജാതിക്കാരുമായി തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇന്നും കരുത്തു നേടിയിട്ടില്ലാത്ത പട്ടികജാതിയില്‍ നിന്നും ശ്ലാഘനീയമായ രീതിയില്‍ കഴിവുകളാര്‍ജ്ജിച്ച് ഇന്ത്യന്‍ നീതിപീഠത്തിന്റെ പരമോന്നത പദവിയിലെത്തിയ ശ്രീ ബാലകൃഷ്ണനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുക വഴി അതോടൊപ്പം സമൂഹത്തിന്റെ മുന്‍ നിരകളില്‍ നിന്നും നിരന്തരം മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയുടെ അത്മാഭിമാനത്തെ ഇല്ലാതാക്കുവാനുള്ള ആസൂത്രിതമായ ഒരു സംഘടിത നീക്കമായിരിക്കുമോ ഇതിനെല്ലാം പിന്നില്‍?

സംഗതികള്‍ എന്തൊക്കെത്തന്നെയായിരുന്നാലും ഇത്തരം സംശയങ്ങള്‍ക്ക് ഉടനെയൊന്നും ഉത്തരം കിട്ടാനുള്ള സാധ്യത തെളിഞ്ഞു കാണുന്നില്ല.

മണ്ടനായ കരോട്പതി

നവംബര്‍ 10, 2010
സോണി ടെലിവിഷന്‍ ചാനലില്‍ ഇന്നലെ (നവംബര്‍ 9, 2010) “കോന്‍ ബനേഗാ കരോട്പതി“ കണ്ടവരാരും പ്രശാന്ത് ബാടാര്‍ എന്ന ചെറുപ്പക്കാരനെ പെട്ടെന്ന് മറക്കാനിടയില്ല.

 
താനൊരു മണ്ടനാണെന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്നും, സമ്മാനത്തുകയായ ഒരു കോടി ലഭിച്ചാല്‍ ബോളിവുഡ് താരം ദീപിക പഡ്കോണുമായി അന്റാര്‍ട്ടിക്കയിലേക്ക് യാത്ര പോവുകയാണ് അഭിലാഷമെന്നും തുടക്കത്തിലേ തന്നെ തുറന്നു പറഞ്ഞപ്പോള്‍ പ്രശാന്തില്‍ മറ്റാരിലും സാധാരണ കണ്ടു വരാത്ത  ഒരു നിഷ്കളങ്കത ദൃശ്യമായിരുന്നു.


കളിയിലെ സമ്മാനത്തുകയായ ഒരു കോടി രൂപ, അനായാസം നേടിയെടുക്കുമ്പോള്‍, പ്രശാന്തിന്റെ കൈയില്‍ ഒരു ലൈഫ് ലൈന്‍ കൂടി ബാക്കിയുണ്ടായിരുന്നു. ജാക്പോട്ട് സമ്മാനമായ അഞ്ചു കോടിക്കു വേണ്ടി വേണമെങ്കില്‍ അയാള്‍ക്കു കളിക്കാം, അവസാനത്തെ ചോദ്യവും, ഉത്തരങ്ങളുടെ ലിസ്റ്റും പരിശോധിച്ചതിനു ശേഷം ശരിയുത്തരം അറിയില്ലെങ്കില്‍ ഇതു വരെ നേടിയ ഒരു കോടി രൂപയുമായി കളിയില്‍ നിന്നും പുറത്തു വരാം. 

 ഇത്ര വരെ കളിച്ചെത്തുമ്പോള്‍ പ്രശാന്തില്‍ തികഞ്ഞ ആത്മവിശ്വാസവും, ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ അസാമാന്യമായ യുക്തിബോധവും വ്യക്തമായിരുന്നു. ഒരിടത്ത് ലൈഫ് ലൈന്‍ വഴി കിട്ടിയ ഉത്തരം തെറ്റാണെന്നു മനസ്സിലായപ്പോള്‍ ശരിയായ ഉത്തരം സ്വയം നല്‍കുകയും, ഉറപ്പില്ലാത്ത മറ്റൊരുത്തരത്തിനായി ലൈഫ് ലൈനിന്റെ സഹായം ഉപയോഗിക്കുകയും ചെയ്തു. കൂട്ടുകാര്‍ മണ്ടനെന്നു പറഞ്ഞു കളിയാക്കുന്ന ഒരാള്‍ തന്നെയാണോ ഇതെന്ന് കാണികള്‍ അയാളുടെ ഓരോ ഉത്തരത്തിലും ഓര്‍ത്തു കാണും. 

ശരിയുത്തരം ഏതെന്ന് നിശ്ചയമില്ലെങ്കില്‍ ജാക്പോട്ട് കളിക്കരുതെന്നായിരുന്നു പ്രശാന്തിന്റെ അച്ഛനും, കളിയിലെ ലൈഫ് ലൈന്‍ സഹായിയും, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പോലും ഉപദേശിച്ചത്. പക്ഷേ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ പ്രശാന്ത് പറഞ്ഞു – “മനസ്സില്‍ രണ്ടഭിപ്രായം വരുമ്പോഴെല്ലാം ഞാന്‍ ഗണപതി ഭഗവാനെ ധ്യാനിക്കുകയാണ് പതിവ്. എനിക്ക് ധ്യാനിക്കുവാന്‍ ഒരു മിനിറ്റു തരണം”. “ഒന്നല്ല, അഞ്ചു മിനിറ്റെടുത്തോളൂ, പക്ഷേ നല്ലവണ്ണം ചിന്തിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക” – സൂപ്പര്‍സ്റ്റാര്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. 


ഒരു മിനിറ്റിന്റെ ധ്യാനത്തിനു ശേഷം പ്രശാന്ത് പറഞ്ഞ മറുപടി പലരേയും അമ്പരപ്പിക്കുന്നതായിരുന്നിരിക്കണം. “ഗണപതി ഭഗവാന്‍ എന്നോടു പറയുന്നത് കളിക്കുവാനാണ്. ഞാന്‍ കളി തുടരാന്‍ തന്നെ തീരുമാനിച്ചു“. പിന്നീടങ്ങോട്ട് കടന്നു പോയ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ടത് തെറ്റായ ഉത്തരം തിരഞ്ഞെടുത്തതിനാല്‍ ജാക്പോട്ട് നഷ്ടപ്പെട്ട്, കിട്ടിയ ഒരു കോടിയില്‍ നിന്നും കേവലം 3,20,000/- രൂപയിലേക്കു  ദയനീയമായി മൂക്കും കുത്തി വീഴുന്ന പ്രശാന്തിനെയായിരുന്നു. നിരാശയോടെയായിരുന്നു കാഴ്ചക്കാരൊന്നടങ്കം പ്രശാന്തിന്റെ ജാക്പോട്ട് മോഹം പൊലിയുന്നത് ടി.വി. സ്ക്രീനില്‍ വീക്ഷിച്ചത്. മണ്ടന്‍ എന്ന വാക്ക് അറിയാതെ തന്നെ ഏതൊരുവന്റേയും നാവില്‍ വന്നു  പോകുന്ന നിമിഷമായിരുന്നു അത്.

ഇവിടെ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ജാക്പോട്ട് വിജയിച്ചിരുന്നെങ്കില്‍ എല്ലാ വിഘ്നങ്ങളേയും അകറ്റാന്‍ പ്രാപ്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഗണപതിക്കു കൂടി അതിന്റെ ക്രെഡിറ്റു കിട്ടുമായിരുന്നു. ഗണപതിയുടെ ആജ്ഞ പ്രകാരമായിരുന്നല്ലോ എല്ലാ ഉപദേശകരേയും മറി കടന്ന് മുന്നോട്ട് പോകുവാനുള്ള അന്തിമ തീരുമാനം പ്രശാന്തെടുത്തത്. പക്ഷേ കളി തോറ്റപ്പോള്‍ ഗണപതിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കി എല്ലാവരും പഴി ചാരിയത് കളിക്കാരന്റെ  അതിമോഹത്തെയായിരുന്നു.

ഏതായാലും ഇങ്ങനെയൊരാളുടെ കൂടെ അന്റാര്‍ട്ടിക്കയിലേക്കു പോകേണ്ടി വന്നില്ല എന്ന കാര്യത്തില്‍ ദീപികയ്ക്കു സമാധാനിക്കാം. സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ ഒരു തീരുമാനത്തിലെത്തുവാന്‍ സ്വാധീനിച്ചത് എന്തായിരുന്നു? വെറും മണ്ടത്തരമോ, അതിമോഹമോ അതോ തന്റെ ഇഷ്ടദൈവം തന്നെ ഒരിക്കലും കൈവിടുകയില്ല എന്ന മൂഢ വിശ്വാസമോ?ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്

സത്യത്തില്‍ എന്താണയോദ്ധ്യ?

ഒക്ടോബര്‍ 5, 2010
അയോദ്ധ്യാ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെച്ചൊല്ലിയുള്ള
വാദങ്ങളും പ്രതിവാദങ്ങളും അടുത്തെങ്ങും കെട്ടടങ്ങാനുള്ള സാധ്യത കാണുന്നില്ല. വിധി നീതി
പുര്‍വ്വകമാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ടെങ്കിലും  ഈ വിധി ഉയര്‍ത്താന്‍ പോകുന്ന പ്രശ്നങ്ങള്‍ ഇന്ത്യയുടെ ദുര്‍വിധിയാകുവാന്‍ പോകുന്ന കാലം വിദൂരമല്ല. 
ഇത്രമാത്രം കോലാഹലങ്ങളുണ്ടാക്കി, ഇത്രയധികം ധനവും, സമയവും, അധികാരവും ദുര്‍വ്യയം ചെയ്ത്, ഇത്രമാത്രം മനുഷ്യജീവനുകളെ ബലിയര്‍പ്പിച്ച്, സമാധാനത്തോടെ ജീവിക്കേണ്ട ജനങ്ങളില്‍ പര്‍സ്പര സ്പര്‍ദ്ധ വളര്‍ത്തി, പരസ്പരം പൊരുതുവാന്‍ പടക്കളത്തിലേക്കിറക്കി
വിട്ട്,  നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഈ തര്‍ക്കം എന്തിന്റെ പേരിലാണ്.

ഒരു ദൈവത്തിന്റെ സ്ഥലം മറ്റൊരു ദൈവത്തിന്റെ ആള്‍ക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്തെന്നും പിടിച്ചെടുത്ത ദൈവത്തിന്റെ ആള്‍ക്കാര്‍ അവരുടെ ദൈവത്തിന്റെ ആരാധനാലയം പിടിച്ചെടുക്കപ്പെട്ട ദൈവത്തിന്റെ ആരാധാനാലയത്തിനു മീതെ പണിതുയര്‍ത്തി കൈവശം വച്ചിരിക്കുന്നു എന്നും അങ്ങിനെ പിടിച്ചെടുത്തവര്‍ അതു തിരിച്ചു തരണമെന്നും ഒരു കൂട്ടര്‍. അതു നടക്കില്ലെന്ന് മറ്റേ കൂട്ടര്‍. നാടന്‍ ഭാഷയില്‍ വെറും ഒരു വസ്തു തര്‍ക്കം.

സത്യത്തില്‍ ഏതു ദൈവമാണ് തന്നെ ഒരു ആരാധാനാലയത്തിനകത്ത് മറച്ചിരുത്തി പൂജിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് എന്നു ചോദിച്ചാല്‍ കുഴങ്ങും. ദൈവമെന്തെന്നും, ദൈവത്തിന്റെ മഹത്വമെന്തെന്നും സത്യത്തില്‍ മനസ്സിലാക്കാത്തവരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു മാത്രമേ ഇതിനുത്തരം പറയാനാവൂ.
ഈ ബ്രഹ്മാണ്ഡത്തിന്റെ ഉല്‍പ്പത്തിയോ, ഉദ്ദേശമോ, പരിധിയോ, നിലനില്‍പ്പോ മനസ്സില്‍ പോലും നിറച്ചെടുക്കാന്‍ കഴിവില്ലാത്ത കേവലം ഒരണു മാത്രമായ മനുഷ്യന്, ഇതിന്റെയെല്ലാം കാരകനും, സംരക്ഷകനുമാണെന്ന് അവന്‍ വിശ്വസിക്കുന്ന ദൈവത്തിന് ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു ഇരിപ്പിടത്തിന്റെ ആവശ്യമുണ്ടെന്നും, അതു നഷ്ടപ്പെട്ടെങ്കില്‍ തിരിച്ചു പിടിച്ച് സരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും വിശ്വസിച്ച് യുദ്ധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നതില്‍പ്പരം ഈശ്വര നിന്ദ മറ്റെന്താണുള്ളത്.  ഒരു ദൈവത്തിന്റെ പേരിലുള്ള ആരാധനാലയം തകര്‍ത്ത് അതിനു മീതെ മറ്റൊരു ദൈവത്തിന്റെ ആരാധനാലയം തീര്‍ത്തവരും ചെയ്യുന്നത് സാക്ഷാല്‍ ദൈവ നിന്ദ തന്നെ.

ഈ പിടിച്ചെടുക്കലും തിരിച്ചെടുക്കലും ഇവിടം കൊണ്ടു തീരുമെന്നു കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഡികള്‍. ഇതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാനിറങ്ങിത്തിരിച്ചവരുടെ കൈയില്‍ ഇനിയുമുണ്ട് തിരിച്ചു പിടിക്കേണ്ടതായ ദൈവസ്ഥാനങ്ങളുടെ ലിസ്റ്റുകള്‍.   ചുരുക്കത്തില്‍ മനുഷ്യനെ സമാധാനത്തോടെ ജീവിക്കുവാന്‍ ഈ ഈശ്വര സംരക്ഷകര്‍ സമ്മതിക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം. മനുഷ്യന്‍ തീര്‍ത്ത മതങ്ങളും, അവര്‍ തീര്‍ത്ത ദൈവങ്ങളും കൂടി ഏതെല്ലാം വിധത്തില്‍ മനുഷ്യജീവിതത്തെത്തന്നെ ദുര്‍ഘടമാക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മാത്രമാണ് എന്നതല്ലേ സത്യത്തില്‍ അയോദ്ധ്യ?ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്

വിവാദ ചോദ്യത്തിനു പിന്നിലെ കഥ

ജൂലൈ 5, 2010

ഒരു നടുക്കത്തോടെയല്ലാതെ ആരും അവിശ്വസനീയമായ ആ വാര്‍ത്ത കേള്‍ക്കുകയോ, പൈശാചികമായ ആ ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണുകയോ ചെയ്തിട്ടുണ്ടാവില്ല. കാരണം അഫ്ഘാനിസ്ഥാനിലല്ല ഇന്ത്യയിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതു കൊണ്ടു തന്നെ.

ചോദ്യപ്പേപ്പര്‍ വിവാദവുമായി അദ്ധ്യാപകന്‍ സസ്പെന്‍ഷനിലായെന്നും, അന്വേഷണം നടക്കുകയാണെന്നുമൊക്കെ ദൃശ്യമാദ്ധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും എന്തായിരുന്നു ഇത്ര മാത്രം പ്രകോപനത്തിനിടയാക്കിയ ചോദ്യപ്പേപ്പറിനു പിന്നില്‍ നടന്നത് എന്നത് ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. ഇപ്പോള്‍ ആ ചോദ്യപ്പേപ്പറിന്റെ കോപ്പികള് ‍ഇന്റര്‍നെറ്റില്‍ പലയിടത്തും ലഭ്യമാണ്. ഒരേ വീക്ഷണ കോണിലൂടെ മാത്രം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടതിനാല്‍ പ്രസ്തുത ചോദ്യപേപ്പര്‍ വായിക്കുന്നവര്‍ ഒരു പക്ഷെ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

എങ്ങിനെയായിരുന്നു ആ ചോദ്യപേപ്പര്‍ ഉണ്ടാക്കാനിടയായതെന്നും, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും നിര്‍ഭാഗ്യവാനായ ആ അദ്ധ്യാപകന്‍ വിശദീകരിച്ചത് ഒരു പക്ഷെ അധികമാരും അറിഞ്ഞു കാണില്ല. അഥവാ അറിഞ്ഞവര്‍ അത് പങ്കു വയ്ക്കാനും മുതിര്‍ന്നു കാണില്ല. അതു വന്ന ബ്ലോഗിന്റെ ലിങ്ക് താഴെയുണ്ട്.

http://sargasamvadam.blogspot.com/2010/07/blog-post_03.html

മെഷീന്‍ ഗണ്ണുമായി വന്ന് പട്ടാപ്പകല്‍ നിരപരാധികളായ ജനത്തെ കൊന്നൊടുക്കിയ കൊടും ഭീകരന്‍ അജ്മല്‍ കസബിനു പോലും ഇന്ത്യന്‍ ജനതയുടെ ചിലവില്‍ സ്വന്തം നിരപരാധിത്വം കോടതിക്കു മുന്നില്‍ തെളിയിക്കുവാനുള്ള അവസരം നാം കൊടുത്തിട്ടുണ്ട്. യാതൊന്നും സംഭവിക്കാതെ അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. വെട്ടിമുറിക്കപ്പെട്ട അദ്ധ്യാപകന് പറയുവാനുണ്ടായിരുന്നത് എന്തെന്ന് സ്വയം അഭിപ്രായങ്ങള്‍ രൂപീകരിക്കും മുമ്പെ മനസ്സിലാക്കുവാന്‍ കൂടി നാം സന്നദ്ധരാവണം.