ദൈവം തിരിച്ചു മേടിച്ച കണ്ണ്


കണ്ണുകളില്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയും. അതു കാഴ്ചയെന്തെന്ന് അറിവുള്ളതിനാലാണ്. അന്ധനായ ഒരാളോട് വര്‍ണ്ണശബളമായ ഈ ലോകത്തെപ്പറ്റി ചോദിച്ചാലോ? കുരുടന്‍ ആനയെ വിവരിക്കുന്ന കഥ നമുക്കെല്ലാവര്‍ക്കുമറിയാം.

മനുഷ്യസൃഷ്ടിയില്‍ കാഴ്ച എന്ന പ്രതിഭാസത്തെ ഉള്‍പ്പെടുത്തിയത് ദൈവം തന്നെ എന്നു കരുതുന്നവരാണ് എല്ലാ വിശ്വാസികളും. ഈ വിധത്തില്‍ എന്തിനെന്നെ ജനിപ്പിച്ചു എന്ന് പരിതപിക്കാത്തവനും എനിക്കു കാഴ്ച തരണേ എന്ന് ഈശ്വരനോട് നൊന്തു പ്രാര്‍ത്ഥിക്കാത്തവനും ആയ ഒരന്ധനും ഈ ലോകത്ത് ഉണ്ടാകില്ല. അപ്പോള്‍പ്പിന്നെ കണ്ണു തന്ന ദൈവം തന്നെ കണ്ണ് തിരിച്ചു ചോദിച്ചാലോ? അങ്ങിനെ സംഭവിച്ചാല്‍ പാവപ്പെട്ട ഒരു ഭക്തന്‍ എന്തു ചെയ്യും? കൊടുക്കാതിരിക്കാന്‍ പറ്റുമോ? അങ്ങിനെയാണ് കര്‍ണ്ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലുള്ള അദ്ഗല്‍ ഗ്രാമ നിവാസിയായ മുതുകപ്പ യെല്ലപ്പാ എന്ന 41 കാരനു തോന്നിയതും വിശ്വസിച്ചതും. സ്വപ്നത്തിലൂടെ വന്നാണ് ദൈവം മുതുകപ്പയോട് കണ്ണുകള്‍ ആവശ്യപ്പെട്ടത്. ഭക്തനായ മുതുകപ്പയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ‘ജയ് വീരഭദ്രാ’ എന്നുറക്കെ പ്രാര്‍ത്ഥിച്ച് ഞൊടിയിടയിലാണ് കണ്ടു നില്‍ക്കുന്നവരെ സ്ത്ബ്ധരാക്കിക്കൊണ്ട് കത്തിയെടുത്ത് സ്വന്തം വലതുകണ്ണു ചൂഴ്ന്നെടുത്ത് വിഗ്രഹത്തിനു മുമ്പിലയാള്‍ അര്‍പ്പിച്ചത്. രണ്ടാമത്തെ കണ്ണു കൂടി ചൂഴ്ന്നെടുക്കാനുള്ള ശ്രമം ബന്ധുക്കളെത്തി പരാജയപ്പെടുത്തി എന്നും വിഗ്രഹത്തിനു മുന്നിലര്‍പ്പിച്ച കണ്ണിലേക്ക് ഉച്ചയായപ്പോഴേക്കും എറുമ്പുകള്‍ കയറാന്‍ തുടങ്ങിയെന്നും പത്രറിപ്പോര്‍ട്ടുകള്‍. (അവലംബം: മാതൃഭൂമി, ഡെക്കാന്‍ ഹെറാള്‍ഡ്,ദീപിക)

വാര്‍ത്തകേട്ട് ഓടിക്കൂടിയ ഭക്തര്‍ മുതുകപ്പയുടെ പ്രവര്‍ത്തിയെ വാഴ്ത്തുവാനും ദൈവത്തെയെന്ന പോലെ അയാളെ ഭക്തിപൂര്‍വ്വം തൊഴുവാനും, നമസ്കരിക്കുവാനും ശ്രമിക്കുകയാണുണ്ടായതെന്ന് പറയുന്നു. ചികിത്സക്കായ് വിസമ്മതിച്ച ഇയാളെ പോലീസ്സെത്തിയാണ് ആശുപത്രിയിലെത്തിച്ചതത്രെ. വരും നാളുകളില്‍ ഇയാള്‍ വലിയൊരു ദിവ്യനോ മനുഷ്യദൈവമോ ആയിത്തീര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. വിവരമറിഞ്ഞ മുതുകപ്പയുടെ ഭാര്യയും ഭര്‍ത്താവിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നു. “ദൈവം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യാനാവുമെന്നും, അതിലെന്താണ് തെറ്റ് എന്നും അവര്‍ ചോദിക്കുന്നു.” ഇയാളെ ആരാധിക്കുവാന്‍ അവിടെ തടിച്ചു കൂടിയ ഗ്രാമവാസികളില്‍ മിക്കവര്‍ക്കും ഇതു തന്നെയായിരുന്നിരിക്കണം അഭിപ്രായം.

പുറം ലോകം ഇത്തരം വാര്‍ത്തകള്‍ കേട്ട് ചിരിച്ചേക്കാം. അന്ധവിശ്വാസമെന്നു പുച്ഛിച്ചു തള്ളിയേക്കാം. പക്ഷേ എട്ടു മക്കളുടെ പിതാവായ മുതുകപ്പ എന്ന ഗ്രാമീണകര്‍ഷകന് ഇത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കിനാവില്‍ വന്ന ദൈവം അയാളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാണ്. വിശ്വാസത്തിന്റെ പേരില്‍ സ്വയം ബലിയാകുന്നതിനെ അയാള്‍ തന്റെ കര്‍ത്തവ്യമായി കാണുന്നു, വിശ്വസിക്കുന്നു, തന്റെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നു, അതേല്‍പ്പിച്ച ശാരീരിക വേദനയില്‍ സന്തോഷിക്കുന്നു. ഇതയാളുടെ മാത്രം കാര്യമല്ലേ എന്തിനതില്‍ തലയിടുന്നു എന്ന് നമ്മള്‍ സ്വാഭാവികമായും ചോദിച്ചേക്കാം. വിശ്വാസത്തിന്റെ പേരില്‍ സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി എളുപ്പം സ്വര്‍ഗ്ഗത്തിലെത്താം എന്നു വിശ്വസിക്കുന്നവരുടെ ലോകം വളരെ വലുതാണ്. ഇത്തരക്കാര്‍ ദൈവപ്രീതിക്കായി മറ്റുള്ളവരെക്കൂടി കുരുതി കൊടുക്കാന്‍ മടിക്കില്ലെന്നു നമുക്കു വിശ്വസിക്കാമോ.
കണ്ണിനു പകരം സ്വന്തം മക്കളിലൊരാളെയായിരുന്നു ബലിയായി ദൈവം മുതുകപ്പയോട്ആവശ്യപ്പെട്ടിരുന്നതെങ്കിലോ ? (അബ്രഹാമിന്റെ കഥ നമ്മുടെ മനസ്സിലേക്ക് പൊടുന്നനെ കയറി വരുന്നുവോ?) അല്ലെങ്കില്‍ ഒരു ശിശുവിനേയോ, കന്യകയേയോ, ബാലനെയോ ആയിരുന്നെങ്കിലോ? കുറച്ചുകൂടി മുന്നോട്ടു കടന്നു ചിന്തിച്ചാല്‍ ഒരു ഗ്രാമത്തേയോ, ഒരു പ്രത്യേക മതവിഭാഗക്കാരെയോ ആയിരുന്നുവെങ്കിലോ? അതിനുള്ള പ്രാപ്തിയോ പണമോ ഒന്നും പാവപ്പെട്ട ഒരു കര്‍ഷകനുണ്ടാവില്ല എന്നു നമുക്കു സമാധാനിക്കാമെന്നു വയ്ക്കാം. പക്ഷേ ചെയ്യാന്‍ മനസ്സും ധൈര്യവുമുള്ള ആള്‍ക്കാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാനും പടക്കോപ്പുകളണിയിക്കാനും സന്നദ്ധരായി നില്‍ക്കുന്നവരുടെ നിരകള്‍ ശക്തമായിത്തന്നെ നമുക്കു
ചുറ്റും വളര്‍ന്നു നില്‍ക്കുന്നുണ്ടല്ലോ. വിശ്വാസമാണല്ലോ മനുഷ്യനെ ശക്തനാക്കുന്നതും നമ്മള്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നതും.
Advertisements

14 പ്രതികരണങ്ങള്‍ to “ദൈവം തിരിച്ചു മേടിച്ച കണ്ണ്”

 1. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  കണ്ണു തന്ന ദൈവം തന്നെ കണ്ണ് തിരിച്ചു ചോദിച്ചാലോ? അങ്ങിനെ സംഭവിച്ചാല്‍ പാവപ്പെട്ട ഒരു ഭക്തന്‍ എന്തു ചെയ്യും? കൊടുക്കാതിരിക്കാന്‍ പറ്റുമോ?

 2. smitha adharsh Says:

  മൂപ്പര്‍ക്ക് മനസ്സിനെന്തോ കുഴപ്പം ഉണ്ട്…ഭാഗ്യം ദൈവം സ്വപ്നത്തില്‍ വന്നു “തല” മുഴുവനായും ചോദിക്കാതിരുന്നത്.മനസ്സിന്‍റെ ഒരു വിഭ്രാന്തിയായെ എനിക്കിതു തോന്നുന്നുള്ളൂ..

 3. കടത്തുകാരന്‍/kadathukaaran Says:

  നല്ല പോസ്റ്റ്, ആശംസകള്‍

 4. അനില്‍@ബ്ലോഗ് Says:

  കണ്ണു മാത്രമല്ല ചില ദൈവങ്ങള്‍ ജീവനും ചോദിക്കും

 5. സി. കെ. ബാബു Says:

  എന്തു് പറയാന്‍? വിഭ്രാന്തി ദൈവനാമത്തിലാവുമ്പോള്‍ ചികിത്സിക്കാന്‍ പറയുന്നവന്‍ ഭ്രാന്തനായി മാറും, സ്വന്തം കണ്ണു് കുത്തിപ്പൊട്ടിച്ചവന്‍ കുട്ടിദൈവവും! അവന്റെ പിന്നില്‍ മാര്‍ക്കറ്റിംഗ് അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ ഭക്തജനങ്ങള്‍ ധാരമുറിയാതെ അവനെത്തേടിയെത്തുകയും ചെയ്യും! അതാണു് ദൈവനാമത്തിന്റെ വിശേഷത! ഇത്തരം ഒരു ചെറിയ വിഭാഗം ഏതു് സമൂഹത്തിലുമുണ്ടാവും. വിദ്യാഭ്യാസത്തിന്റെ കുറവുമൂലം ഭാരതത്തില്‍ പക്ഷേ ഇക്കൂട്ടരാണു് അധികവും എന്നതാണു് കഷ്ടം! ഏതു് മതവിശ്വാസവും ഭ്രാന്തായതിനാല്‍ മതവിശ്വാസത്തെപ്പറ്റി തമാശ പറഞ്ഞാല്‍ മതി, ഭ്രാന്തന്മാര്‍ ഭാരതത്തിനു് തീവയ്ക്കും! ഭ്രാന്തനെന്തു് തമാശ?

 6. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  സ്മിതാ – മൂപ്പര്‍ക്കു മനസ്സിനെന്തോ കുഴപ്പമുണ്ടെന്ന് സ്മിതയ്ക്കു തോന്നുന്നു. പക്ഷെ അയാളുടെയും, അയാളെ വണങ്ങുന്നവരുടേയും തോന്നല്‍ മറിച്ചായിരിക്കാം. സന്തോഷ് മാധവന്റെ അറസ്റ്റിനു ശേഷം പിടിയിലായ ആല്‍ദൈവങ്ങളില്‍ പലരും മാനസിക ചികിത്സകള്‍ക്കു വിധേയരായവരായിരുന്നു എന്ന സത്യം പുറത്തു വന്നതല്ലെ. ഇനി തലയാണ് ദൈവം ചോദിച്ചതെങ്കില്‍പ്പോലും അയാള്‍ കൊടുത്തിരിക്കും,തലയില്ലാത്ത അവസ്ഥയില്‍ ഈ കാര്യം മറ്റാരും അറിയാനിടയാവില്ല എന്നു മാത്രം.

  കടത്തുകാരാ – ഇവിടെ തോണിയടുപ്പിച്ചതിനു നന്ദി.

  അനില്‍ – ജീവന്‍ ചോദിച്ചാലും കൊടുക്കാന്‍ തയ്യാറുള്ള പാവങ്ങളുണ്ടല്ലോ. ഇതിനാണോ ഇപ്പോള്‍ ക്ഷാമം.

  ബാബു – ശരിയാണ്. ചെറിയ വിഭാഗം ഭ്രാന്തന്മാരുടെ കൂടെയാണ് ഭൂരിഭാഗം ജനങ്ങളും ഇന്ന് . ഇതു പറയുന്നവനെ ഭ്രാന്തനാക്കാനും കല്ലെറിയാനുമാവും പിന്നെ കൊണ്ടു പിടിച്ച ശ്രമം.

 7. Mohandas Says:

  I am just wondering now what will happen when God comes in his next dream and says that ok I am happy with your innocents… take your EYE back… can you all imagine what will be the situation then!!! These are all one odd case reporting… but imagine a world with out fear of God/believe… To have a better control with in our self, our family, our relatives, our society we need to have a common power… If not God, let us find out a common word for the same.

  Surely, Mohanji, the article is really a good one. Keep up your good work. May *** bless you!!!

 8. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  മോഹന്‍‌ദാസ് – ഹ .. ഹ .. ഹാ .. രസകരമായിരിക്കുന്നു നിരീക്ഷണം. ദൈവം വീണ്ടും സ്വപ്നത്തില്‍ വന്ന് കണ്ണു തിരിച്ചു വക്കാന്‍ പറഞ്ഞാല്‍ ആകെ പ്രശ്നമായതു തന്നെ. (മിമിക്രിക്കാര്‍ക്ക് അവതരിപ്പിക്കുവാന്‍ പറ്റിയ സിറ്റുവേഷന്‍). പക്ഷെ വളരെ സൌകര്യപൂര്‍വ്വം അത്തരം സ്വപ്നങ്ങള്‍ സംഭവിക്കാറില്ല എന്നതല്ലെ സത്യം.

  ഇനി ദൈവത്തെപ്പറ്റി മോഹന്‍‌ദാസിന്റെ അഭിപ്രായത്തിലേക്ക് –
  ദൈവം ഭയക്കപ്പെടേണ്ടതായ ഒരു ശക്തിയാണോ? ഭയഗ്രസ്ഥമായ മനസ്സ് സ്വസ്തമായിരിക്കില്ല. പോലീസ്സില്‍ നിന്നും രക്ഷപ്പെടാന്‍ കിണറ്റിലേക്കെടുത്തു ചാടി മുങ്ങിമരിക്കുകയോ, അംഗഭംഗം വരുത്തുകയോ ചെയ്യുന്നയാളില്‍ നിന്നും
  വ്യത്യസ്തനായിരിക്കില്ല അങ്ങനെ ഭയമുള്ളൊരാള്‍. മുതുകപ്പയും
  ഇത്തരത്തിലൊരാളായിരുന്നിരിക്കില്ലേ? ഭയം മറികടക്കാന്‍ ഭയക്കപ്പെടുന്നതിനെ പ്രീതിപ്പെടുത്തുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.

  ഉദ്ദേശകാര്യസാധ്യത്തിനായി ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുകയോ, മുഖസ്തുതി പറയുകയോ ചെയ്യുന്നതു പോലെ ദൈവത്തിനും നമ്മള്‍ കാണിക്കയും, ഭജനങ്ങളും, പൂജകളും അര്‍പ്പിച്ച് നമ്മുടെ വരുതിയില്‍ നില്‍ന്ന ഒരു ശക്തിയെപ്പോലെ
  തരം താഴ്ത്തുന്നു.

  ഇനി ദൈവ ഭയത്താല്‍ / വിധേയത്താല്‍ നല്ലവരായി നടക്കുന്നവരില്ല എന്നു പറയുന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതവീക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ സമൂഹനന്മക്കു വേണ്ടി ഇത് കൃത്യമായി നടപ്പിലാക്കാന്‍ പറ്റാത്ത ഒരു കാര്യം തന്നെയാണ്. ഓരോ
  വ്യക്തിയുടെയും ഭാവനയ്ക്കനുസ്സരിച്ച് ദൈവങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതേപോലെ തന്നെ ദൈവഭയവും. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു പൊതുദൈവം എന്ന
  സങ്കല്പത്തില്‍ നിന്നും എത്രമാത്രം വിഭിന്നമാണ് യഥാര്‍ത്ഥ്യത്തിലെ വസ്തുതകള്‍? ഒരോ രാഷ്ട്രത്തിന്റെയും നിയമസംഹിതകളും, ഭരണ സംവിധാനങ്ങളുമാണ് നിയമലംഘനങ്ങള്‍ ചെയ്യാനുള്ള മനുഷ്യരുടെ പഴുതുകള്‍ പരമാവധി അടച്ച് സമാധാനപരമായ ഒരു ജീവിതാന്തരീക്ഷം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നത്. ദൈവപ്രീതിക്കായി നടത്തിയിരുന്ന നരബലികളും, സതീ സമ്പ്രദായം പോലുള്ള കൊലപാതകങ്ങളും നിറുത്താ‍നായത് പുറകെ പോലീസ്സും(ദൈവമല്ല) നിയമങ്ങളും ഉണ്ട് എന്ന ഭയം കൊണ്ടു തന്നെയാണ്.

  ദൈവം ഭയമല്ല, ഭയമായിരിക്കുകയുമരുത്. നമുക്കതിനെ സ്നേഹമെന്നു വിളിച്ചു കൂടെ? ‘സ്നേഹമാണഖിലസാരമൂഴിയില്‍’ എന്നാണല്ലോ മഹാകവി പാടിയിരിക്കുന്നത്. പലരും പറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനത്തിന് അത്രകണ്ടങ്ങ് സ്വീകാര്യമായിട്ടില്ല ഈ നിര്‍വ്വചനം എന്നു തോന്നുന്നു.

  വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.
  സസ്നേഹം
  മോഹന്‍

 9. ബെന്യാമിന്‍ Says:

  നല്ല പോസ്റ്റ്

 10. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  ബെന്യാമിന്‍ – ഇതു വഴി വന്നതിനും, അഭിപ്രായത്തിനും നന്ദി.

 11. Anonymous Says:

  Ellaavarkum thimiram nammalkellaavarkum thimiram
  mangiya kaazhchakal kandu maduthu
  kannadakal venam.

 12. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  അജ്ഞാതനു നന്ദി. മുരുകന്‍ കാട്ടാക്കടയുടെ ഈ വരികള്‍ വളരെ പ്രസക്തമാണ്. മങ്ങിയ കാഴ്ചകളുടെ പരിമിതിയിലൂടെ കാണാനാണ് ഭൂരിഭാഗത്തിനും ഇഷ്ടം എന്നത് വല്ലാത്ത ദുര്‍വിധിയാണ്.

 13. അപ്പു Says:

  വളരെ നല്ലൊരു പോസ്റ്റ്. ഈ വാര്‍ത്ത കണ്ടില്ലായിരുന്നു.

 14. മതമില്ലാത്ത അനീഷ് Says:

  ഭാഗ്യം കണ്ണല്ലേ ചോദിചുള്ളൂ..
  വേറെ വല്ലതുമായിരുന്നെങ്കില്‍????????????????????!

  എനിക്ക് കാഴ്ചശക്തി കിട്ടിയാല്‍ ഞാന്‍ ദൈവത്തിന് എന്‍റെ കണ്ണ്
  ദാനം തരാം എന്ന് പറയുന്ന മണ്ടന്മാരുടെ ലോകത്തിലെ ഒരു ചെറിയ സംഭവം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: