യുദ്ധമേഘങ്ങളോ വാനില്‍?

രാഷ്ട്രം എന്തിനും സന്നദ്ധമെന്ന് വിദേശകാര്യ മന്ത്രി. സേനാ നായകന്മാരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുന്ന പ്രതിരോധമന്ത്രി.ലീവു വെട്ടിക്കുറച്ച് തിരിച്ചു വിളിപ്പിച്ചതിനാല്‍ തിരിച്ചു പോകുന്ന പട്ടാളക്കാര്‍. പോര്‍വിളിക്കു തയ്യാറെടുത്തു നില്‍ക്കുന്ന രാഷ്ടീയക്കാര്‍.വാര്‍ത്തകള്‍ക്കായി ചാനലുകള്‍ക്കു മുമ്പിലും ഇന്റര്‍നെറ്റിനു മുമ്പിലും ആര്‍ത്തിയോടെ കാത്തിരിക്കുന്ന ജനം. യുദ്ധമേഘങ്ങളോ വാനില്‍ എന്ന് സംശയിപ്പിക്കുവാന്‍ പറ്റിയ സാഹചര്യം.

ബോംബെ ആക്രമണം ഏല്പിച്ച ആഘാതത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. പെട്ടെന്നൊന്നും നമുക്കതിനു കഴിയുമെന്നും തോന്നുന്നില്ല. നിത്യേനയെന്നോണം യന്ത്രത്തോക്കുകളേന്തിയ കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടു കൈയടിക്കറുള്ള നാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം നിത്യജീവിതത്തില്‍ മരണവുമായിട്ടിങ്ങനെ ക്രൂരമായൊരു ബലാബലം. വിലപ്പെട്ട കുറേ മനുഷ്യ ജീവനുകളെ അതു നമ്മളില്‍ നിന്നും മുറിച്ചെടുത്തു. ആ മുറിവുകള്‍ ഒരു നെരിപ്പോടായി നമ്മുടെ മനസ്സിലെരിയുന്നുണ്ട്. ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും
അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട്. ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം.

അതിര്‍ത്തികളിലേക്ക് ബൂട്ടണിഞ്ഞ കാലുകള്‍ മാര്‍ച്ചു ചെയ്യുന്നു. വെടിക്കോപ്പുകള്‍ നിറച്ച വാഹന വ്യൂഹങ്ങള്‍ നീങ്ങുന്നു. എല്ലാ വിപണികളും തളരുമ്പോള്‍ ആയുധ വിപണികള്‍ ഉണര്‍ന്നു സജീവമാവുന്നു. അന്യ സംസ്ഥാനക്കാരെ മുഴുവന്‍ ബോംബെയില്‍ നിന്നും തുരത്തുവാന്‍ കച്ച കെട്ടിയിറങ്ങിയ ശിവസേനയുടെ വൃദ്ധനായ കടലാസുപുലി അലറുന്നു – ആക്രമണ്‍. ഭീഷണിയല്ല ആക്രമണമാണ് വേണ്ടതെന്നും ഉടന്‍ രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പുലി. ആദ്യം ഒപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ബി.ജെ.പി. പിന്നെ കോണ്‍ഗ്രസിനോടു തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ ഹേമന്ത് കര്‍ക്കരെയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണെമെന്ന് ആന്തുലെ പറഞ്ഞപ്പോള്‍ തനി നിറം പുറത്തു വന്നു. മാലെഗാവിലെ അലമാരിയില്‍ നിന്നും ബി.ജെ.പി. യുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തു ചാടുമോ എന്ന പേടിയാവാമെന്ന് പൊതുജനത്തിനു തോന്നിപ്പിക്കുവാന്‍ കഴിഞ്ഞതു മിച്ചം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭുമിക കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, അധോലോകവും മുംബൈ പോലീസുമായുള്ള രഹസ്യബന്ധങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഒരു പക്ഷെ ബി.ജെ.പി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ ആന്തുലെ പ്രശ്നം ഇത്രമാത്രം ജനശ്രദ്ധ നേടുമായിരുന്നുവോ എന്ന് സംശയമാണ്.

ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം. ഇതാരുടെ പ്രത്യയശാസ്ത്രമാണ്? ബോംബെ
തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം. ബാല്‍ ഠാക്കറെ പോലുള്ളൊരു നേതാവിന് ഇതിനപ്പുറം ചിന്തിക്കാനാവില്ലല്ലോ.

ഒരു യുദ്ധം. അത് രാജ്യങ്ങളുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കഷ്ട നഷ്ടങ്ങള്‍. രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍
അതേല്‍പ്പിക്കുന്ന താങ്ങാ‍നാകാത്ത ഭാരം. വികാരം കത്തി നില്‍ക്കുമ്പോള്‍ ഭൂരിപക്ഷ ജനത ഈ വിപത്തുകളെക്കുറിച്ച്
ബോധവാന്മാരാകണമെന്നില്ല. ഭരണകൂടങ്ങള്‍ ജനതകളുടെ മേല്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കുറേയേറെ മനുഷ്യ ജീവിതങ്ങളെക്കൂടി കുരുതി കൊടുക്കാമെന്നല്ലാതെ അതു കൊണ്ട് ഭീകരവാദത്തെ ഇല്ല്ലായ്മ ചെയ്യാനാവുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവൊ? ഇനി പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നു എന്നു തന്നെ വയ്ക്കുക, അതു കൊണ്ട് ബൊംബെ ആക്രമണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുവാനും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയുമോ? വളരെയധികം ഹേമന്ത് കര്‍ക്കരെമാരെയും, സലാസ്‌ക്കര്‍മാരെയും, സന്ദീപ് ഉണ്ണിക്കൃഷ്ണന്മാരെയും നമ്മള്‍ നഷ്ടപ്പെടുത്തും. ഒരു പക്ഷേ യുദ്ധത്തില്‍ മരിക്കുന്നാവരുടെ പേരുകള്‍ പോലും അധികമാര്‍ക്കും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്ര ഭടന്മാരെ കൊന്നു കളഞ്ഞുവെന്നോ തടവുകാരായി പിടിച്ചുവെന്നോ പാകിസ്ഥാനും, ഇന്ത്യയും വീമ്പു പറയും. രണ്ടു ഗവര്‍മ്മെന്റുകളും ‘വീരമൃത്യു’ വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്, സ്മാരകങ്ങള്‍ പണിത് സായൂജ്യമടയും.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ഭരണകൂടങ്ങളും,രാഷ്ടീയ കക്ഷികളും കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ യുദ്ധ
വികാരത്തെ ഊതി വീര്‍പ്പിക്കല്‍. മുഹമ്മദ് അജ്‌മല്‍ കസബ് എന്ന പാക് ഭീകരവാദി വീടു വിട്ടോടിപ്പോയ ഒരു പാവപ്പെട്ട
കുടുംബാംഗമാണെന്ന് മാധ്യമങ്ങള്‍. അങ്ങിനെയുള്ളവരെ ചൂണ്ടയിടാന്‍ മതത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ബിന്‍ലാദന്മാരും മസൂദുമാരും കാത്തു നില്‍ക്കുന്നു. ഭീകരവാദ ഗ്രൂപ്പുകളിലും, കക്ഷിരാഷ്ട്രീയ വഴക്കുകളിലും, മത വൈരങ്ങളിലും പെട്ട് ബലിയാടുകളാകുന്നവര്‍ എപ്പോഴും ദരിദ്രര്‍ക്കിടയില്‍ നിന്നാണ് വരുന്നത് എന്നത് കസ്മികമാണോ? അപ്പോള്‍ ദാരിദ്ര്യമാകുന്നു, സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങളും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളുമാകുന്നു ഇത്തരം പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആര്‍ക്കും അറിയാത്തതാണോ‍. ഇത്തരമൊരു അസന്തുലിതത്വം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ടീയമോ, നേതാവോ, മതമോ, ആത്മീയ ഗുരുവോ, ദൈവമോ നമുക്കിന്ന് ഇല്ല എന്നതല്ലെ നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

War does not determine who is right, only who is left.
– Bertrand Russell

ഒരു അഭിപ്രായം ഇടൂ