പുലികളിറങ്ങിയ പിലിഭിത്ത്

പിലിഭിത്തിലെ പുലി വരുണ്‍ ഗാന്ധി പരോളിലിറങ്ങി കറങ്ങി നടക്കുകയാണ്. ജയിലില്‍ കിടന്ന നേതാവ് എന്ന പദവി ചുളുവില്‍ അടിച്ചെടുക്കാനായി എന്നത് ഇളമുറക്കാരന്‍ ഗാന്ധിക്ക് ഒരു നേട്ടമായി കരുതാം.

പിലിഭിത്തില്‍ ആദ്യമിറങ്ങിയ പുലി ഒരു പെണ്‍ പുലിയായിരുന്നു. മോഡല്‍, പത്രപ്രവര്‍ത്തക, മൃഗസംരക്ഷക എന്നതിനേക്കാള്‍ ഇന്ദിരാ ഗാന്ധിയുടെ താന്തോന്നിയായ മകന്‍ സഞ്ജയ് ഗാന്ധിയുടെ വിധവ എന്ന പരിവേഷവുമുണ്ടായിരുന്നു അവര്‍ക്കപ്പോള്‍. പക്ഷെ അതിനേക്കാളേറെ മൈലേജ് അവര്‍ക്കു നേടിക്കൊടുത്തത് പ്രധാനമന്ത്രിയായ അമ്മായിയമ്മയാല്‍ പുറത്താക്കി പടിയടക്കപ്പെട്ട മരുമകള്‍ എന്ന സഹതാപത്തിന്റെ കുപ്രസിദ്ധിയായിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു ശേഷം, സിക്കുകാരുടെ കൈ കൊണ്ട് ഇന്ദിര ഗാന്ധി കൊല്ലപ്പെടുകയും സിക്കുകാരൊന്നടങ്കം കോണ്‍ഗ്രസ്സ് അനുയായികളുടെ പീഢനങ്ങള്‍ക്കിരയാവുകയും ചെയ്തപ്പോള്‍, സിക്കുകാരിയായ മനേകയ്ക്ക്, സിക്കു മതക്കാര്‍ക്ക് വളരെയധികം സ്വാധീനമുള്ള പിലിഭിത്ത് ശരിക്കും ഒരു രാഷ്ട്രീയ സംരക്ഷണ മേഖല തന്നെയാവുകയായിരുന്നു. അങ്ങിനെയാണല്ലൊ അഞ്ചു വട്ടം മനേകയ്ക്ക് പിലിഭിത്തില്‍ നിന്നും വിജയശ്രീലാളിതയായി പാര്‍ലിമെന്റിലെത്താനായത്.

ഒരേയൊരു മകന്‍ വളര്‍ന്നു വലുതായപ്പോള്‍, തന്നെ പുറത്താക്കിയ ഭര്‍ത്തൃഗൃഹത്തോട് പ്രതികാരം വീട്ടുക എന്ന കടമ മനേകയ്ക്ക് ഉണ്ടാവുക സ്വാഭാവികം. അതു കൊണ്ടു തന്നെയാണ് ഇറ്റാലിക്കാരിയും ക്രിസ്ത്യാനിയുമായ ചേട്ടത്തിയുടെ മക്കളെപ്പോലെ സ്വന്തം മകനേയും ഒരു രാഷ്ട്രീയ പുലിയാക്കി മാറ്റുവാന്‍ കാത്തു സൂക്ഷിച്ചു വച്ചതും ഒടുവില്‍ മകനു മത്സരിക്കാന്‍ വേണ്ടി അവര്‍ ഇതു വരെ തന്നെ സംരക്ഷിച്ച പിലിഭിത്ത് ഒഴിഞ്ഞു കൊടുത്തതും.(ഇവരുടെ കുടുംബവഴക്കുകളിലൂടെയാവുമോ വരും നാളുകളില്‍ ഇന്ത്യയുടെ ഭാവി ഉരുത്തിരിയാനിരിക്കുന്നത് !) വരുണ്‍ ഗാന്ധി മൂലം
പിലിഭിത്തിനും, പിലിഭിത്തു മൂലം വരുണ്‍ ഗാന്ധിക്കും വാര്‍ത്തകളില്‍ മൈലേജു കിട്ടി. വരുണിന്റെ വരവോടെയായാണല്ലോ ഇതിനു മുമ്പെങ്ങുമില്ലാത്ത വിധം പിലിഭിത്തിനോടൊരു ‘മൊഹബത്ത് ‘ രാഷ്ട്രീയക്കാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും തോന്നിത്തുടങ്ങിയത്. അതിനു കാരണക്കാരനെന്ന നിലയിലെങ്കിലും വരുണ്‍ ഗാന്ധിക്കൊരു പുലിപ്പട്ടം കൊടുക്കാം. ഒരു എലി പോലുമായിരുന്നില്ലെങ്കിലും പിലിഭിത്തിലെത്തിയാല്‍ ആള്‍ പുലിയായി മാറുമെന്ന് തെളിയിക്കാന്‍ വരുണ്‍ ഗാന്ധിക്ക് വര്‍ഗ്ഗീയത കലര്‍ത്തിയ ഒരു പ്രസംഗത്തിന്റെ സമയമേ ആവശ്യമായി വന്നുള്ളു.

എത്രയോ പേര്‍ ഇതിനു മുമ്പും വര്‍ഗ്ഗീയത കലര്‍ന്ന പ്രസംഗങ്ങള്‍ നടത്തിയിട്ട് വലുതായൊന്നും ആരും ഗൌനിക്കാതെ പോയപ്പോള്‍ ഇത്രയധികം മാധ്യമ ശ്രദ്ധ നേടാനായത് വരുണന് ‘ഗാന്ധി’ എന്നൊരു പുലിവാല്‍ മുതുകിനു പിറകില്‍ ഉണ്ടായിരുന്നതിനാലാകാം. ഗാന്ധി എന്നു കേട്ടാല്‍ മഹാത്മാ ഗാന്ധിയെന്നും അഹിംസയെന്നും, ഹിന്ദു-മുസ്ലിം ഭായി ഭായിയെന്നുമൊക്കെയാണ് ഇന്ത്യന്‍ ചരിത്രമറിയാവുന്ന ആരുടേയും മനസ്സില്‍ ആദ്യമായി കടന്നു വരിക. അതിനു ശേഷം മാത്രമേ പരാന്ന (parasite) ഗാന്ധിമാരായ നെഹ്രു കുടുംബപരമ്പരയിലെ പുലികള്‍ക്ക് സ്ഥാനമുള്ളു. നെഹ്രു-ഗാന്ധിയന്മാ‍രുടെ ഈ ഇത്തിള്‍ക്കണ്ണി പാരമ്പര്യമാണ് അവര്‍ക്ക് ജനങ്ങള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരു സര്‍വ്വസമ്മതത്വം നേടിക്കൊടുക്കുന്നത്. അഹിംസയെപ്പറ്റി പറയേണ്ട ഗാന്ധി ഹിന്ദുക്കള്‍ക്കെതിരേ നീളുന്ന കൈകള്‍ വെട്ടുകയെന്ന ഹിംസയെപ്പറ്റി പറയുകയോ? എന്തായാലും വരുണ്‍ ഒരു പുലി തന്നെയെന്ന് മന:പൂര്‍വ്വമായും അല്ലാതെയും ആളുകള്‍ പറയാന്‍
തുടങ്ങി.

പയ്യനെ ന്യായീകരിക്കാന്‍ ബാല്‍ ഠാക്കറെയെപ്പോലുള്ള പല്ലും വാലും പോയ പുലിവൃദ്ധര്‍ കൂടി രംഗത്തു വന്നപ്പോള്‍ നിധി കിട്ടിയ അവസ്ഥയിലായി വരുണ്‍. മുസ്ലീങ്ങളെല്ലാം പാകിസ്ഥാനിലേക്കു പോയതിനു ശേഷം ഹിന്ദുക്കള്‍ മാത്രം വാഴുന്ന ഒരു ഇന്ത്യയെ എന്നും സ്വപ്നം കാണാറുള്ള ഠാക്കറെയ്ക്ക് വരുണിന്റെ പുലി വേഷം നന്നെ പിടിച്ചു. ഠാക്കറേ അനുകൂലികള്‍ കൂടി ഇന്നു പറയാന്‍ മടിക്കുന്ന ഇക്കാര്യം ആരെങ്കിലുമൊരാള്‍ തുറന്നു പറഞ്ഞതില്‍ ഠാക്കറെക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായതില്‍ അത്ഭുതമില്ല. കൂടാതെ ഹിന്ദുക്കള്‍ക്കെതിരെ ഉയര്‍ത്തുന്ന കൈകളൊക്കെയും വെട്ടണം എന്നു കൂടി പയ്യന്‍ ആക്രോശിച്ചപ്പോള്‍ ഠാക്കറെക്ക് തന്റെ നാവിനെ അടക്കിപ്പിടിക്കാനായില്ല.

വരുണിന്റെ പുലിപ്പല്ലുകള്‍ കണ്ട് ആദ്യം അമ്പരന്നു പോയെങ്കിലും, ബീ.ജെ.പി. യിലെ തലമുതിര്‍ന്ന പുലികളെല്ലാം പതുക്കെ ചുവടുറപ്പിച്ച്, താളം ചവിട്ടി പുലിക്കളിയില്‍ പങ്കു ചേര്‍ന്നു. വരുണിനെ എടുത്ത് വാനോളം ഉയര്‍ത്തി. തുടക്കത്തിലേ വരുണിനെ തള്ളിപ്പറഞ്ഞ ചെറു പുലികളുടെ അമറലെല്ലാം മെല്ലെ അടങ്ങി. വരുണിന്റെ പ്രസംഗം വിവാദമായത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചുവെന്നു വേണം കരുതാന്‍‍. അതിനായി വരുണ്‍ അറസ്റ്റു വരിച്ചതു പോലും അവര്‍ക്ക് അതിരറ്റ സന്തോഷം നല്‍കി. മേമ്പോടിയായിട്ടാണെങ്കിലും ജയിലില്‍ കിടന്ന മറ്റൊരു ഗാന്ധിയെ (പുലിയെ) പ്രതിപക്ഷത്തിനും കിട്ടിയല്ലോ.

അങ്ങിനെ ഈ ബഹളമെല്ലാം തകൃതിയായി നടന്നപ്പോള്‍ മരങ്ങള്‍ക്കു മറവില്‍ ഇലയനങ്ങാതെ ഒരു കാലൊച്ച പോലും കേള്‍പ്പിക്കാതെ വേറൊരാള്‍ പതുങ്ങി നിന്നിരുന്നത് നാമേവരും കണ്ടു. ബഹന്‍‌ജി എന്ന മായാവതി. ജയിലില്‍ കയറി തിരിച്ചുവരാന്‍ കാത്തു നിന്ന വരുണിനെ അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ ജ്യാമ്യത്തിലിറങ്ങാനാവാത്ത വിധം ജയിലിലടക്കാനായി അവര്‍ക്ക്. ഇപ്പോള്‍ വളരെയേറെ ഉപാധികളോടെ പരോളിലിറങ്ങും വരെ 20 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു പയ്യന്‍സിന്. ബഹന്‍‌ജി “ടാഡ”യിലൂടെ വരുണനു നല്‍കിയ താഢനം കണ്ട് കേന്ദ്രത്തിലെ കോണ്‍ഗ്രസ്സുപുലികള്‍ ആസ്വദിക്കുകയാണ്. തങ്ങള്‍ക്കിതിലൊന്നും കാര്യമില്ല എന്നു പറഞ്ഞ് അവര്‍ അങ്കം കാണാനും താളിയൊടിക്കുവാനുമായി കാത്തിരിക്കുകയാണ്. ബഹന്‍‌ജി കളിക്കട്ടെ. നിശ്ശബ്ദമായൊരു വാലിളക്കത്തിലൂടെ പിലിഭിത്തിലിറങ്ങിയ എല്ലാ പുലികളേക്കാളും വലിയ പുലി താന്‍ തന്നെയാണെന്ന് ‘ബഹന്‍‌ജി ‘ എന്നറിയപ്പെടുന്ന മായാവതി ഇതോടെ തെളിയിച്ചിരിക്കയാണല്ലോ.

വാല്‍ക്കഷ്ണം:
പിലിഭിത്തിനെപ്പറ്റി പലതുമറിഞ്ഞ കൂട്ടത്തില്‍, ഉത്തര്‍പ്രദേശിന്റെ വടക്കേ അറ്റത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഈ ജില്ല ഒരു പുലി സംരക്ഷണ മേഖല കൂടിയാണ് എന്ന് അധികമാര്‍ക്കെങ്കിലും അറിയാമോ എന്ന് ചെറിയൊരു സന്ദേഹം ഇല്ലാതില്ല. പിലിഭിത്തിലെ നിബിഡ വനങ്ങളില്‍ വംശനാശം സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ പുലികള്‍ സ്വൈരവിഹാരം നടത്തുന്നു. പുലികളുടെ നില മെച്ചപ്പെട്ടുവെങ്കിലും ജനങ്ങളുടെ നില ഇപ്പോഴും പരിതാപകരമാണ്. ഇന്ത്യയിലെ പിന്നോക്ക ജില്ലകളിലൊന്നായി പിലിഭിത്ത് ഇന്നും തുടരുന്നു.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.)

Advertisements

10 പ്രതികരണങ്ങള്‍ to “പുലികളിറങ്ങിയ പിലിഭിത്ത്”

 1. വാഴക്കോടന്‍ ‍// vazhakodan Says:

  പുലികളുടെ നില മെച്ചപ്പെട്ടുവെങ്കിലും ജനങ്ങളുടെ നില ഇപ്പോഴും പരിതാപകരമാണ്. ഇന്ത്യയിലെ പിന്നോക്ക ജില്ലകളിലൊന്നായി പിലിഭിത്ത് ഇന്നും തുടരുന്നു.You Said it!good post!

 2. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  വാഴക്കോടാ – നന്ദി. അമ്മപ്പുലിക്ക് മൃഗങ്ങളോടായിരുന്നുവല്ലോ സ്നേഹം. മനുഷ്യരെ കടിച്ചു കുടഞ്ഞിട്ടും പേ പിടിച്ച മൃഗങ്ങളെ സംരക്ഷിക്കുകയായിരുന്നുവല്ലോ അവരുടെ തൊഴില്‍. അപ്പോള്‍ പിലിഭിത്തുകാരെ ആരു നോക്കാന്‍?

 3. ...പകല്‍കിനാവന്‍...daYdreamEr... Says:

  നന്നായി വെടി വെക്കാന്‍ അറിയാവുന്ന ഒരു ശിക്കാരി മതി ഈ പുലികളൊക്കെ അപ്രത്യക്ഷമാകാന്‍.. !:)

 4. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  പകല്‍ക്കിനാവേ – ഒരു വെടിയുടെ പോലും ആവശ്യമില്ല. തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ. പിന്നെ ഈ പുലികള്‍ കിടന്നിടത്തൊരു പൂട പോലും കാണില്ല.

 5. ബാജി ഓടംവേലി Says:

  തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ. പിന്നെ ഈ പുലികള്‍ കിടന്നിടത്തൊരു പൂട പോലും കാണില്ല…..

 6. ബഷീര്‍ വെള്ളറക്കാട്‌ / pb Says:

  വിത്ത് ഗുണം കാണിക്കാതിരിക്കുമോ..ശുദ്ധ പ്രകൃതിയിൽ ജനിക്കുന്ന കുട്ടികൾ.. അവർ പുലിയും പൂച്ചയും കുറുക്കനും പന്നിയും പട്ടിയുമൊക്കെയായി വളരുന്നതിൽ പ്രധാന പങ്ക് മതാ പിതാക്കൾക്ക് തന്നെ.മനേക യുടെ പ്രകൃതി സ്നേഹവും മൃഗ സ്നേഹവും എല്ലാം കാപട്യം.

 7. ബഷീര്‍ വെള്ളറക്കാട്‌ / pb Says:

  വരുൺ ഗാന്ധിയുടെ ഡി.എൻ.എ

 8. hAnLLaLaTh Says:

  ഇന്ത്യ ഹിന്ദുവിന് …പാകിസ്താന്‍ മുസ്ലിമിന് .. അമേരിക്ക ക്രിസ്ത്യാനിക്ക്..ആരും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യരുത്..മിണ്ടരുത്…നോക്കരുത്..കേള്‍ക്കരുത്..ലോകാ സമസ്താ സുഖിനോ ഭവന്തു.പുലികള്‍ ജനിക്കട്ടെ..പുലികളാല്‍ ജനങ്ങള്‍ മരിക്കട്ടെ..ശാന്തി ശാന്തി..!!!!!!!

 9. വീ കെ Says:

  പരിതാപകരമായ നിലയിൽ തന്നെ തുടർന്നാലല്ലെ ഈ ‘ഗാന്ധി’മാർക്കു അവിടം സന്ദർശിക്കപോലും ചെയ്യാതെ എന്നും ജയിച്ചു വരാനൊക്കു…?

 10. ts Says:

  വളരെ നര്‍മരസപ്രധാനവും പ്രയോജനപ്രദവും..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )


%d bloggers like this: