എം.എഫ്. ഹുസൈനിന്റെ മരണം ഉണര്‍ത്തുന്ന ചില ചിന്തകള്‍ | M.F. Hussain

ഇന്ത്യക്കാരനായ വിശ്വവിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ വച്ചു മരണപ്പെട്ടു. ആഗ്രഹമുണ്ടായിട്ടും ഇന്ത്യയില്‍ തന്റെ അന്ത്യ കാലങ്ങള്‍ ചിലവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദൈവങ്ങളെയും, മനുഷ്യരേയും നഗ്നരാക്കി ചിത്രീകരിക്കുന്ന കര്യത്തില്‍ അദ്ദേഹം പക്ഷപാതം കാണിച്ചു എന്നതാണ് കാര്യം. പ്രത്യേകിച്ചും ഹൈന്ദവ ദൈവങ്ങളുടെ നഗ്നത അദ്ദേഹത്തിന്റെ ബ്രഷിനിരയായപ്പോള്‍, ഒരു കോലാഹലമുണ്ടാക്കാന്‍ അവസരം പാര്‍ത്തു കാത്തു നിന്നവര്‍ മൈതാനം കയ്യടക്കുന്ന കാഴ്ചയാണു നാം കണ്ടത്. കോടതിക്ക് ഹുസൈന്‍ വരച്ച ചിത്രങ്ങളില്‍ വിവാദപരമായൊന്നും കാണാന്‍ കഴിയാതിരുന്നിട്ടും, ‘ഞങ്ങളിവിടെങ്ങുമില്ല കേട്ടോ‘ എന്ന മട്ടില്‍ നിന്ന ഭരണാധികാരികളുടെ നിസ്സംഗത ഉറഞ്ഞു മഞ്ഞായിത്തീര്‍ന്നപ്പോള്‍ പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യുക തന്നെ ഒരു ചിത്രകാരന്റെ വിധി.

വരയില്‍ പിക്കാസോയുടെ ശൈലി പിന്തുടര്‍ന്ന ഹുസൈന്‍, ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതിന് വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കുക തന്നെ ചെയ്യും. ഹൈന്ദവ ദൈവങ്ങളെത്തന്നെ വിവസ്ത്രരാക്കാന്‍ ഹുസൈന്‍ എന്തിനു ശ്രമിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ക്ഷുഭിത യൌവ്വനത്തിന്റെ കവിയെന്നറിയപ്പെടുന്ന നമ്മുടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു വരെ ഇക്കാര്യത്തില്‍ സംഘപരിവാരങ്ങളുടെ ശബ്ദമണുണ്ടായിരുന്നത്. അതിനൊരുത്തരമേ നമുക്കു ചിന്തിക്കുവാന്‍ കഴിയൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുരാതന കാലം മുതല്‍ ഹൈന്ദവ സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നിരിക്കണം എം.എഫ്. ഹുസൈനിന്റെ ഭാവനയ്ക്ക് ഇത്ര മേള്‍ സ്വതന്ത്രമായി വിഹരിക്കുവാനവസാരം കൊടുത്തത്. ഇതിനൊരപവാദമുണ്ടായത് സംഘപരിവാരങ്ങളുടെ  വേരുകളും ശിഖരങ്ങളും ഹൈന്ദവ സമൂഹത്തിനുമേള്‍ പടരുവാനും പന്തലിക്കുവാനും തുടങ്ങിയപ്പോളാണ്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിന്റെ കാലവും ഈ ഘട്ടത്തിലായിപ്പോയെന്നു മാത്രം. ഹൈന്ദവ മേഖല വിട്ട് മറ്റു മതങ്ങളുടെ ദൈവനഗ്നതകളിലേക്കായിരുന്നു ഒരു പക്ഷേ  ഹുസൈനിന്റെ ബ്രഷുകള്‍ ചലിച്ചിരുന്നതെങ്കിലോ?  ബ്രഷുകളോ, ചായങ്ങളോ ഇല്ലാത്ത ഒരു ലോകത്തേക്ക് അദ്ദേഹം എന്നേ യാത്രയായേനെ.

പല വട്ടം ചര്‍ച്ച ചെയ്തതാണെനിലും ഇനിയൊരിക്കലും ‘നിര്‍മ്മാല്യം’ പോലൊരു സിനിമയെടുക്കുവാന്‍ എം.ടി. യും, ‘ഭഗവത് ഗീതയും കുറേ മുലകളും’ എഴുതാന്‍ ബഷീറിനോളം പോന്ന ഒരെഴുത്തുകാരനും ചിന്തിക്കുന്നതിനു പോലും സാധിക്കാത്ത വിധം കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.   ഹുസൈനിന്റെ വിധിക്കു സമാനമാണ് സല്‍മാന്‍ റുഷ്ദിയുടേയും, തസ്ലീമ നസ്രീനിന്റേയും അവരുടെ പാതകള്‍ പിന്തുടരുന്നവരുടെയും അവസ്ഥകള്‍. അവരെല്ലാവരും നാളെ തങ്ങളുടെ പിറന്ന മണ്ണില്‍ നിന്നകന്ന് ഈ ഭൂമിയോടു വിട പറയേണ്ടി വരും.

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

Advertisements

27 പ്രതികരണങ്ങള്‍ to “എം.എഫ്. ഹുസൈനിന്റെ മരണം ഉണര്‍ത്തുന്ന ചില ചിന്തകള്‍ | M.F. Hussain”

 1. നിശാസുരഭി Says:

  അതിനൊരുത്തരമേ നമുക്കു ചിന്തിക്കുവാന്‍ കഴിയൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുരാതന കാലം മുതല്‍ ഹൈന്ദവ സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നിരിക്കണം എം.എഫ്. ഹുസൈനിന്റെ ഭാവനയ്ക്ക് ഇത്ര മേള്‍ സ്വതന്ത്രമായി വിഹരിക്കുവാനവസാരം കൊടുത്തത്. ഇതിനൊരപവാദമുണ്ടായത് സംഘപരിവാരങ്ങളുടെ വേരുകളും ശിഖരങ്ങളും ഹൈന്ദവ സമൂഹത്തിനുമേള്‍ പടരുവാനും പന്തലിക്കുവാനും തുടങ്ങിയപ്പോളാണ്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിന്റെ കാലവും ഈ ഘട്ടത്തിലായിപ്പോയെന്നു മാത്രം. ഹൈന്ദവ മേഖല വിട്ട് മറ്റു മതങ്ങളുടെ ദൈവനഗ്നതകളിലേക്കായിരുന്നു ഒരു പക്ഷേ ഹുസൈനിന്റെ ബ്രഷുകള്‍ ചലിച്ചിരുന്നതെങ്കിലോ? ബ്രഷുകളോ, ചായങ്ങളോ ഇല്ലാത്ത ഒരു ലോകത്തേക്ക് അദ്ദേഹം എന്നേ യാത്രയായേനെ.(സത്യം പച്ചയ്ക്ക് പറഞ്ഞതില്‍ അഭിനന്ദനം. ചില കണ്ണ് പൊട്ടന്മാര്‍ മുകളില്‍ പറഞ്ഞതരം വാക്യത്തെ ഏതര്‍ത്ഥത്തിലാണ് കാണുന്നതെന്ന് വ്യക്തമാക്കിയത് നന്നായി!ശരിയാണ്, പള്ളിവാളും കാല്‍ച്ചിലമ്പും, കാര്‍ക്കിച്ച് തുപ്പുന്ന കഥാപാത്രവും, ബഷീറിന്റെ രചനകളും നമുക്കന്യമായ് അകലേക്ക് മറയുന്ന കാലത്തിലേക്ക് എന്നേ അടുത്തിരിക്കുന്നു..)

 2. നിശാസുരഭി Says:

  ഈ പോസ്റ്റ് സമ്മതം കൂടാതെ ഒന്ന് പരിചയപ്പെടുത്തീട്ടുണ്ട് @.google buzz

 3. Anonymous Says:

  അണ്ണാ ആ ലാസ്റ്റിലത്തെ പടം ഹുസൈന്റതല്ല കേട്ടാ.. ദേ കൈപ്പള്ളിയണ്ണന്‍ ഇവിടൊരു പോസ്റ്റിട്ടുണ്ട്. http://www.kaippally.com/2011/06/blog-post_11.htmlഅല്ലെങ്കില്‍ ഈ ലിങ്കില് പോയാലും മതി. http://www.google.com/search?q=rafal+olbinski&um=1&ie=UTF-8&tbm=isch&source=og&sa=N&hl=en&tab=wi&biw=933&bih=514&safe=active&surl=1

 4. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM Says:

  നിശാസുരഭി – വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഹുസൈനിന്റേതല്ലാത്ത ചിത്രം ഉള്‍പ്പെട്ടതില്‍ ഖേദിക്കുന്നു. അത് മാറ്റിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാണിക്കുവാന്‍ കാട്ടിയ സന്മനസ്സിന് ഒരായിരം നന്ദി.

 5. നാട്ടുവഴി Says:

  അതെ, എല്ലാവരെയും തൃപ്തിപെടുത്തികൊണ്ട് ഒരു കലാകാരന് ജീവിക്കാന്‍ സാദ്ധ്യമല്ല തന്നെ.ആഴത്തില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.ആശംസകള്‍………

 6. prasanna raghavan Says:

  ‘ദൈവങ്ങളെയും, മനുഷ്യരേയും നഗ്നരാക്കി ചിത്രീകരിക്കുന്ന കര്യത്തില്‍ അദ്ദേഹം പക്ഷപാതം കാണിച്ചു എന്നതാണ് കാര്യം. പ്രത്യേകിച്ചും ഹൈന്ദവ ദൈവങ്ങളുടെ നഗ്നത അദ്ദേഹത്തിന്റെ ബ്രഷിനിരയായപ്പോള്‍, ഒരു കോലാഹലമുണ്ടാക്കാന്‍ അവസരം‘. എം.എഫ് ഹുസൈന്‍ ഒരു പ്രതിഭയായിരുന്നു എന്നുള്ളതില്‍ സംശയം ലേശം പോലുമില്ലെങ്കിലും മുകളില്‍ പറഞ്ഞ അവസ്ഥ അദ്ദേഹത്തിന്റെ പ്രതിഭയില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. സംഘിയുടെ കാഴ്ച്ചപ്പാടില്‍ നിന്നല്ല ഇതെഴുതുന്നത്. സ്ല്മാന്‍ റുഷ്ടിയേയും തസ്ലീമയേയും ഹുസൈനോടോപ്പം താരതമ്യപ്പെടുത്തുന്നതില്‍ അപാകതയുണ്ട്. കാരണം അവര്‍ സ്വന്തം മതത്തിന്റെ വ്യവസ്ഥകള്‍ക്കെതിരെ എഴുത്തിനെ ഉപയോഗിച്ചവരാണ്. ഹുസൈന്‍ അങ്ങനെയല്ല.ഹുസൈന്‍ ഒരു പ്രാക്റ്റീസിംഗ് മുസ്ലീം ആയിരിക്കില്ല എന്നാലും അദ്ദേഹം ഒരു മുസ്ലീമായാണ് ലോകം അറിഞ്ഞത്, അതദ്ദേഹത്തിന്റെ മത ഐഡെന്റിറ്റി ആയിരുന്നു.

 7. tsjayan Says:

  മോഹന്ജി..നാളുകള്‍ ചെല്ലുംതോറും നമ്മുടെ സമൂഹം ചിന്താപരമായ ഒരു അപചയത്തിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ്…എല്ലാ സമൂഹങ്ങളും കാലാന്തരത്തില്‍ നന്മയില്‍ നിന്നും തിന്മയിലേക്കും തിന്മയില്‍ നിന്നും നന്മയിലേക്കും പരസ്പരം ഒരു ചെക്കേറലുകള്‍ നടത്തികൊന്ടെയിരിക്കും…ഇന്നിപ്പോള്‍ എഴുപതുകളുടെ നവോഥാന ചിന്തകാലഘട്ടത്തിനു ശേഷം ചിന്താപരമായ ഇരുണ്ട യുഗത്തിലെക്കുള്ള പ്രയാണം തുടങ്ങികഴിഞ്ഞിരിക്കുന്നു…ഒരു പക്ഷെ അണ്ണാ ഹസ്സാരെയേ പോലെയുള്ളവരുടെ വരവോടെ വിണ്ടും ഒരു നവോഥാന ചിന്താധാര സമൂഹത്തില്‍ മുളപൊട്ടികൂടെന്നില്ല.പക്ഷെ അതിനെ അട്ടിമറിക്കാന്‍ റാംദേവിനെപ്പോലെയുള്ളവരുടെ നീക്കം നാം കൂട്ടത്തില്‍ മനസ്സിലാക്കെണ്ടതുമുണ്ട്.എം. എഫ്. ഹുസൈന്‍-ന്‍റെ വിധി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഇന്ന് നമ്മള്‍ നമ്മുടെ വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ നാളെ നമ്മുടെ ഓരോരുത്തരുടെയും കൈപത്തികളും നാവും അരിയാന്‍ ഇവിടെ ആളുകള്‍ ഉണ്ടാവുമെന്നത്‌ ഓര്‍ക്കുക…!!

 8. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM Says:

  നാട്ടുവഴി – നന്ദി. താങ്കളുടെ നിരീക്ഷണം വളരെ ശരി. എല്ലാവരേയും തൃപ്തിപ്പെടുത്തുവാന്‍ ഒരു കലാകാരനും കഴിയില്ല. പക്ഷെ കലാകാരന്റെ ഈ സ്വാതന്ത്ര്യത്തിനു മേല്‍ കുതിര കയറുന്നത് പതിവാക്കിയ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ പെരുകി വരികയാണെന്നത് ഭീതിയുളവാക്കുന്നതാണ്.പ്രസന്ന രാഘവന്‍ – അഭിപ്രായത്തിനു നന്ദി. തസ്ലീമയേയും, റുഷ്ദിയേയും വേട്ടയാടിയത് മതങ്ങള്‍ തന്നെയാണെന്നതാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. സ്വന്തം മതത്തില്‍പ്പെട്ടവര്‍ എതിര്‍ത്തപ്പോള്‍, അവര്‍ക്ക് അഭയം നല്‍കുവാന്‍ തയ്യാറായി മറ്റു മതങ്ങളുടെ വക്താക്കള്‍ മുന്നിലേക്കു വന്നത് നാം കണ്ടതല്ലെ. അതു പോലെ ഹുസൈന്റെ കാര്യത്തില്‍ ഹൈന്ദവതയുടെ വക്താക്കള്‍ എതിര്‍പ്പുമായി ഇറങ്ങിയപ്പോള്‍ മറ്റുള്ളവര്‍ കാര്യമായി അതിലൊന്നും ഇടപെടാതെ തടിയൂരിയില്ലെ? പിന്നെ എഴുതിയത് മുഴുവന്‍ എല്ലാവര്‍ക്കും വായിക്കാന്‍ സാധിച്ചെന്നു വരില്ല എന്നൊരു അഡ്‌വാന്റേജുണ്ട്. പക്ഷെ വര അങ്ങിനെയല്ലല്ലോ. ഇക്കാര്യം ശരിയായി അറിയാവുന്നതു കൊണ്ടു കൂടിയായിരിക്കാം ഹുസൈന്‍ സ്വന്തം മതത്തിലേക്ക് ബ്രഷ് ചലിപ്പിക്കാതിരുന്നത്. ജയന്‍ – നിരീക്ഷണങ്ങള്‍ വളരെ ഗൌരവമര്‍ഹിക്കുന്നതു തന്നെ. എന്തു വരക്കണം, എന്ത് എഴുതണം എന്നതിനൊക്കെ ഇനി മുതല്‍ എല്ലാ മത സംഘടനകളില്‍ നിന്നും, രാഷ്ട്രീയക്കാരില്‍ നിന്നും, എന്തിനധികം മാഫിയാത്തലവന്മാരില്‍ നിന്നു പോലും സമ്മതം വാങ്ങേണ്ടതായി വരുന്ന ഒരു കാലം അത്ര വിദൂരമല്ല.

 9. TURNING IN Says:

  ഇന്ത്യൻ ചിത്രകാരന്മാരിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ചിത്രകാരനാണ് എം എഫ് ഹുസൈൻ. ഇന്ത്യയിൽ ജീവിക്കാൻ കഴിയാതെ അദ്ദേഹത്തിനു പുറത്തുപോകേണ്ടിവന്നു. അദ്ദേഹത്തിന്റെ ജീവനെടുക്കാൻ കൊതിച്ച് ആളുകൾ നിന്നു എന്നതു തന്നെ അതിനുകാരണം. നമ്മുടെ ഭരണാധികാരികൾ അദ്ദേഹത്തെ സംരക്ഷിക്കുന്നതിൽ നിന്ന് തലയൂരി നിശബ്ദത പാലിച്ചു.കുറച്ചാളുകൾക്ക് ആരോടെങ്കിലും ശത്രുത തോന്നിയാൽ രാജ്യം വിട്ടുപോകണം അതാണ് ഏറ്റവും കരണീയമായകാര്യം എന്ന് പരക്കെ അംഗീകരിക്കപ്പെട്ട മട്ടാണ്. ഇവിടെ നാം ഓർക്കേണ്ടത് നാം കോടികൾ ചെലവിട്ട് സംരക്ഷിക്കുന്ന , സുരക്ഷിതരാക്കുന്ന ചിലരെകുറിച്ചാണ്. സോണിയാഗാന്ധിമുതൽ അവരുടെ വീട്ടിലെ പൂച്ചകുട്ടിക്കുപോലും ഈ സംരക്ഷണം നമ്മുടെ രാജ്യം നൽകുന്നുണ്ട്. മറ്റ് വി വി ഐ പികൾ, സ്വാമിമാർ, പുരോഹിത പ്രമുഖർ ഇവരുടെ എല്ലാം കാര്യത്തിൽ ശത്രുതയുള്ളവരുണ്ടെന്ന് കരുതി നാട് വിട്ട് പോകാൻ നാം വിധിക്കുന്നില്ല. എന്ന് മാത്രമല്ല അളവറ്റ സമ്പത്ത് ഇവരുടെ സംരക്ഷണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നു. പക്ഷേ ഒരു എഴുത്ത്കാരനെയോ കലാകാരനെയോ ഇങ്ങനെ സംരക്ഷിക്കേണ്ടി വന്നാൽ സംരക്ഷിക്കണമോ എന്ന ചോദ്യം നാം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ അസ്വാഭാവികമായി നാമൊന്നും കണ്ടു മില്ല. ഹുസൈന്റെ ചിത്രങ്ങളിലെ അശ്ലീളമാണ് ഇവിടെ പ്രശ്നം. തെന്നിന്ത്യൻ ക്ഷേത്ര ശില്പങ്ങൾ, ഗാന്ധാര കലാരീതികൾ, കജുരാഹോ പോലുള്ള പ്രാചീന കാലാശേഷിപ്പുകൾ എന്തിനേറെ നമ്മുടെ വയനാട്ടിൽ പോലും അവശേഷിക്കുന്ന ചില കലാവശിഷ്ടങ്ങൾ ഇതിലൂടെല്ലാം ഒരിക്കലെങ്കിലും കണ്ണോടിച്ച ഒരാൾക്ക് ഹുസൈനെപ്പോലെ ഇത്രമേൽ ഇന്ത്യക്കാരനായ മറ്റോരു ചിത്രകാരനെ കാണാനാകില്ല. ഈ ഭാരതീയ അസ്ഥിത്വമാണ് അദ്ദേഹത്തിനു ഇവിടെ ജീവിക്കാൻ വിനയായത്. വിക്ടോറിയൻ ക്രിസ്തീയ സദാചാര സങ്കല്പങ്ങളും നാസി ശുദ്ധിവാദ ആശയങ്ങളും ഇണചേർന്നുണ്ടായ സംഘപരിവാറുകളാണ് ഇവിടെ ഉറഞ്ഞുതുള്ളുന്നത്. അവരിൽ ഭാരതീയമായ ഒരു തുടർച്ചയും നിങ്ങൾക്ക് ദർശിക്കാനാകില്ല. വംശഹത്യയുടെ കൊടുംകത്തിയുമായി ചുറ്റിത്തിരിയുന്ന ഇവർ നമ്മുടെ സംസ്കാരത്തിന്റെയും ധർമ്മാധർമ്മങ്ങളൂടെയും വിധി നിർണ്ണായാവകാശം നേടിയതെങ്ങനെയെന്ന് ആലോചിക്കുന്നതിനുപകരം അവർ പണിതുതന്ന നിലപാട് തറയിൽ നിന്ന് ആലോചിച്ചാൽ ഹുസൈനെയെന്നല്ല ഗാന്ധിയെ പ്പോലും നിങ്ങൾക്ക് നാട് കടത്തേണ്ടി വരും

 10. പാര്‍ത്ഥന്‍ Says:

  [തെന്നിന്ത്യൻ ക്ഷേത്ര ശില്പങ്ങൾ, ഗാന്ധാര കലാരീതികൾ, കജുരാഹോ പോലുള്ള പ്രാചീന കാലാശേഷിപ്പുകൾ എന്തിനേറെ നമ്മുടെ വയനാട്ടിൽ പോലും അവശേഷിക്കുന്ന ചില കലാവശിഷ്ടങ്ങൾ ഇതിലൂടെല്ലാം ഒരിക്കലെങ്കിലും കണ്ണോടിച്ച ഒരാൾക്ക് ഹുസൈനെപ്പോലെ ഇത്രമേൽ ഇന്ത്യക്കാരനായ മറ്റോരു ചിത്രകാരനെ കാണാനാകില്ല.] ഈ അസ്ഥിത്വത്തിൽനിന്നുകൊണ്ടുതന്നെയാണോ ഹുസ്സൈൻ ചിത്രരചന നടത്തിയത് എന്ന് ഒന്നു വിശദമാക്കിയാൽ നന്നായിരുന്നു.

 11. TURNING IN Says:

  തീർച്ചയായും ഈ തുടർച്ചകൾ ഹുസൈനിലുണ്ടായിരുന്നു. ആധുനികതയുടെ ദാർശനിക കാഴ്ചകൾ രചനാരീതിയിൽ ഉണ്ടായിരുന്നെങ്കിലും നിറങ്ങളുടെ പ്രയോഗരീതിയിൽ വലിപ്പം കൂടിയ ചിത്രങ്ങൾ ചെയ്യുന്ന രീതിയിലെല്ലാം ഇന്ത്യൻ ചിത്ര ശില്പ ബോധങ്ങൾ ഹുസൈനിൽ അബോധമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കാണാം. ചിത്രങ്ങളെ അങ്ങനെ കാണുന്നതിനു പകരം ഷക്കീല സിനിമാ പോസ്റ്റർ പോലെ കണ്ട് ശീലിച്ചവരോട് എന്ത് പറയാനാണ്

 12. പാര്‍ത്ഥന്‍ Says:

  @ turning in:ഞാൻ ചോദിച്ച സംശയം, അദ്ദേഹം പിന്തുടർന്നുവന്ന രചനാരീതിയെക്കുറിച്ചായിരുന്നില്ല. അദ്ദേഹം നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലുള്ള സംസ്കാരികതനിമയെ എങ്ങിനെ കണ്ടിരുന്നു എന്നാണ്. താങ്കൾ പറഞ്ഞ സ്ഥലങ്ങളിലെ ചിത്രങ്ങൾക്കും പ്രതിമകൾക്കും തലക്കെട്ടില്ലാതെ (ടൈറ്റിൽ) അത് എന്താണെന്ന് നമ്മളോട് സംവദിക്കുന്നുണ്ട്. ഹുസ്സൈന്റെ ചിത്രങ്ങൾ തലക്കെട്ടില്ലെങ്കിൽ അവ നമ്മളോട് സംവദിക്കുന്നുണ്ടോ?വിജയകുമാർ എന്ന വ്യക്തി ഏഷ്യനെറ്റിലൂടെ അദ്ദേഹത്തിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു. “ഹുസ്സൈൻ വരച്ച ചിത്രങ്ങൾക്ക് ടൈറ്റിൽ കൊടുത്തതാണ് വിവാദമായത്” എന്നായിരുന്നു അയാളുടെ വിലയിരുത്തൽ. അതാണ് ശരിയായ വിലയിരുത്തൽ എന്ന് എനിക്കും തോന്നുന്നു.

 13. TURNING IN Says:

  നമ്മുടെ സാംസ്കാരിക തനിമയെ അദ്ദേഹം എന്തെങ്കിലും തെറ്റായി കണ്ടിരുന്നുവെന്നതിനു തോന്നുന്ന ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി എനിക്കറിയില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സംവേദനത്തെ സംബന്ധിച്ചാണ് ചോദ്യമെങ്കിൽ സംവേദനം ആപേക്ഷികമാണ്. ക്ഷേത്രശില്പത്തിൽ അടിക്കുറിപ്പ് വേണ്ടാതിരിക്കുന്നത് അത് ക്ഷേത്രത്തിൽ ഇരിക്കുന്നതു കൊണ്ടാണ് ആ റഫറസില്ലങ്കിൽ ആ ശില്പം മറ്റൊന്നായിട്ടായിരിക്കും സംവദിക്കുക.ഇന്ത്യയുടെ അശ്ലീളമായൊരു കാലം ആ അശ്ലീളത്തെ ഹുസൈനിൽ ആരോപിക്കുകയായിരുന്നു.

 14. ഉമ്മുഫിദ Says:

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 15. ..naj Says:

  Well written !an expressionഹിസ്‌ നെയിം ഈസ്‌ ഹുസൈന്‍, ഹി വാസ് ആന്‍ ഇന്ത്യന്‍ !naj @ http://www.viwekam.blogspot.com

 16. പാര്‍ത്ഥന്‍ Says:

  @ TURNING IN:ഒരു ചിത്രം അത് എവിടെയിരുന്നാലും അതിന് പറയാനുള്ളത് പറയും. അതിന്റെ സംസ്കാരവുമായി ബന്ധമുള്ളവർക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുമെന്നും തോന്നുന്നില്ല. താടിയുള്ള തൊപ്പിവെച്ച ഒരു കാർട്ടൂൺ വരച്ചതിന് ലോകത്തിന്റെ ഒരുഭാഗത്തുനിന്ന് കത്തിത്തുടങ്ങിയത് നമ്മൾ കണ്ടതാണ്. താങ്കൾ സൂചിപ്പിക്കുന്ന ഹൈന്ദവ ദേവാലയങ്ങളിലെ പ്രതിമകൾ അത് അവിടെയിരുന്നാലും പുറത്ത് ഒരു മ്യൂസിയത്തിലിരുന്നാലും അതിന്റെ ഭാവം ഒന്നു തന്നെയാണ്. അമ്പലത്തിലിരിക്കുന്ന ലക്ഷ്മിയുടെ പ്രതിമ, അകത്തിരിക്കുമ്പോൾ മഹാലക്ഷ്മിയും പുറത്തിരിക്കുമ്പോൾ മണ്ണാത്തി ലക്ഷ്മിയും ആകുന്നില്ല. അതിനെ എവിടെയിരുന്നാലും എപ്പോഴും ഒന്നായിത്തന്നെ കാണുന്നതിനാണ് സംസ്കാരം എന്നു പറയുന്നത്.

 17. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM Says:

  Naj: വായനയ്ക്കും കമന്റിനും നന്ദി. Turning In, പാര്‍ത്ഥന്‍, വായനയ്ക്കും കമന്റുകള്‍ക്കും നന്ദി. Turning In – പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൌരവമര്‍ഹിക്കുന്നവ തന്നെയാണ്. വിരലിലെണ്ണാവുന്ന വിവാദചിത്രങ്ങളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിപ്പിക്കുവാന്‍ വിവാദമുയര്‍ത്തിയവര്‍ക്കു കഴിഞ്ഞു എന്നതിനാല്‍, ഹുസൈന്‍ വരച്ച ബഹുഭൂരിപക്ഷം വരുന്ന മറ്റു ചിത്രങ്ങളിലെ ഭാരതീയ അസ്ഥിത്വം തമസ്കരിക്കപ്പെട്ടു പോയി. സര്‍ക്കാര്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞതു ശരി തന്നെ.ബംഗ്ലാദേശുകാരിയായ തസ്ലീമയ്ക്ക് ഇന്ത്യ കൊടുത്ത സംരക്ഷണം, ഭാരതീയനായ ഹുസൈനിന് എന്തു കൊണ്ട് നല്‍കിയില്ല എന്നത് ഇവിടെ വളരെ പ്രസക്തമാണ്. ക്ഷേത്രങ്ങളിലെ രതി ശില്പങ്ങളും, ലിംഗ പൂജയും, യോനീ പൂജയും, ദിഗംബര സന്യാസിമാരും എല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗങ്ങളല്ല എന്നു പറയാനാകുമോ? ഹുസൈന്‍ ചിത്രങ്ങളില്‍ നഗ്നരൂപങ്ങള്‍ ക്യൂബിസ്റ്റ് ശൈലിയിലുള്ള വികാര രഹിതമായ abstract shape -കള്‍ ആയി നില നില്‍ക്കുമ്പോള്‍ ക്ഷേത്ര ശില്പങ്ങള്‍ മനുഷ്യരൂപങ്ങളുടെ എല്ലാ മാനങ്ങളും ആര്‍ജ്ജിച്ച, ജീവനുള്ളവയെന്നു തോന്നിപ്പിക്കുന്ന പകര്‍പ്പുകളല്ലേ? ഇത്ര മാത്രം രതിയെ കൊണ്ടാടിയ ഒരു പാരമ്പര്യമുള്ള ഭാരതത്തിന് ഹുസൈന്‍ വരച്ച പ്രതീകാത്മക ചിത്രങ്ങള്‍ അവ പുറത്ത് വന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്നൊരു സുപ്രഭാതത്തില്‍ അശ്ലീലമായി തോന്നാല്‍ തുടങ്ങി എന്നിടത്തു വച്ചാണ് കാര്യങ്ങളെല്ലാം തകിടം മറിയുന്നത് എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഈ അശ്ലീല മാനസികാവസ്ഥ ഹുസൈനിനെ ഒരു കലാകാരനായി കാണാതെ, വെറും ഒരു മതത്തിന്റെ പ്രതിനിധിയായി എടുത്തു കാട്ടുവാനും, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ‘മത വികാര’ത്തെ വ്രണപ്പെടുത്തുന്നവയാണെന്ന് വരുത്തിത്തീര്‍ക്കുവാനുമുള്ള ബോധ പൂര്‍വ്വമായ ഒരു നിഗൂഡ പ്രയത്നം അരങ്ങേറുകയും ചെയ്തതിന്റെ പരിണാമമാണ്. ഇത്തരം പ്രവണതകള്‍ സര്‍ഗ്ഗാത്മകതയ്ക്കു നേരെയുള്ള കടന്നു കയറ്റമാണ്. ഈ അവസ്ഥ ഒരു ഭീഷണിയായി വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കഭിമതരല്ലാത്ത എല്ലാ കലാകാരന്മാരെയും പിന്തുടരാന്‍ തുടങ്ങുന്ന കാലം വിദൂരമല്ല.

 18. പാര്‍ത്ഥന്‍ Says:

  @ Mohan:ഹുസ്സൈന്റെ ചിത്രങ്ങളെ ഇഴപിരിച്ച് വിമർശിക്കാനൊന്നുമല്ല ഒരു കമന്റെഴുതിയത്. ഹുസ്സൈന്റെ ചിത്രത്തിൽ എനിക്ക് യോജിക്കാനാവാത്തതിന്റെ കാരണം സൂചിപ്പിച്ചെന്നേയുള്ളൂ. അദ്ദേഹം ഒരു മികച്ച കലാകാരൻ തന്നെയാണെന്ന വസ്തുത അംഗീകരിക്കാതിരിക്കുന്നും ഇല്ല. സരസ്വതി എന്ന് അടിക്കുറിപ്പുള്ള ബ്ലോഗിൽ ഇട്ട ചിത്രം നോക്കു. അതുപോലെ ഒരു പെണ്ണ് വസ്ത്രം ഉടുത്തിട്ടാണ് ഇരിക്കുന്നതെങ്കിൽ കൂടി; ആ ഇരിപ്പിനെ നമ്മൾ അംഗീകരിക്കില്ല. എന്റെ മകളായാലാലും, മണ്ണാത്തി ലക്ഷ്മിയായാലും ഒരുപോലത്തന്നെ ഞാൻ പ്രതികരിക്കും. ഇനി സരസ്വതി എന്ന മിത്ത് തുണിയില്ലാതെയിരുന്നിരുന്ന ദിഗംബരന്മാരിൽ പെട്ടതായിരുന്നെന്ന് എവിടെയെങ്കിലും പറയുന്നുണ്ടെങ്കിൽ എന്റെ തെറ്റ്. തുണിയില്ലാത്ത പ്രാചീന കാലമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ വീണ ഒഴിവാക്കണമായിരുന്നു. അക്കാലത്ത് വീണ ഉണ്ടായിരിക്കാൻ തരമില്ല. വീണ ഒഴിവാക്കിയാൽ കുറച്ചുകൂടി നഗ്നമായ മുൻഭാഗം കാണിക്കാമായിരുന്നു.

 19. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM Says:

  പാര്‍ത്ഥന്‍ തീര്‍ച്ചയായും താങ്കള്‍ക്ക് താങ്കളുടേതായ രീതിയില്‍ ഒരു ചിത്രത്തെ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേ പോലെ ഓരോ ചിത്രകാരനും അവനവന്റേതായ രീതികളുണ്ട്. രവിവര്‍മ്മ സരസ്വതിയെ അടിമുടി പൊതിഞ്ഞവതരിപ്പിച്ചത് അദ്ദേഹത്തിന്റേതായ രീതി. എല്ലാ ചിത്രകാരന്മാരും രവിവര്‍മ്മയെപ്പോലെ വരക്കണമെന്ന് ആര്‍ക്കും ശാഠ്യം പിടിക്കാനാവില്ലല്ലോ. ഒരാള്‍ക്ക് ഏതൊരു ചിത്രത്തേയും ദുരുദ്ദേശത്തോടെ വ്യാഖ്യാനം ചെയ്യാം. അങ്ങിനെ ഒരാളുടെ ദുര്‍വ്യാഖ്യാനം ഒരു ചിത്രത്തില്‍ ആരോപിക്കുന്ന അര്‍ത്ഥങ്ങള്‍ ചിത്രകല എന്തെന്നറിയാത്ത പാവം സാധാരണക്കാരിലേക്ക് സം‌പ്രേക്ഷണം ചെയ്യപ്പെടുമ്പോള്‍, വിചാരത്തേക്കാളുപരി അതവന്റെ വികാരങ്ങളെ വികലമായി സ്വാധീനിക്കുന്നുവെന്ന് കാണാം. ഇതൊരു തരം ‘മാസ്സ് ഹിസ്റ്റീരിയ’യ്ക്ക് തീ കൊളുത്തിവിടാം. ചില സരസ്വതീ പ്രതിമകളാകട്ടെ അര്‍ത്ഥനഗ്നവും (പീന സ്തനാലംകൃത വക്ഷസ്സും, നഭീസ്ഥലവും, ആകൃതിയൊത്ത കൈകാല്‍കളും, ജനനേന്ദ്രിയത്തെ മറക്കാന്‍ വേണ്ടി വച്ച വീണയും) ഹുസൈന്‍ വരച്ച ചിത്രത്തിന്റെ പതിന്മടങ്ങ് മാദകത്വവുമുള്ളവയാണ്. ഒരു ഹൈന്ദവനെ സംബന്ധിച്ചിടത്തോളം സരസ്വതിയുടെ നഗ്നതയോ, അര്‍ത്ഥ നഗ്നതയോ ഭക്തിയല്ലാതെ മറ്റൊരു വികാരവുമുണര്‍ത്താനിടയില്ല. അതിനാല്‍ ഒരു സാധാരണ ഹൈന്ദവനില്‍ മറ്റൊരാളാലോ/ഗ്രുപ്പുകളാലോ പ്രേരിപ്പിക്കപ്പെട്ടാലല്ലാതെ ഹുസൈനിന്റെ സരസ്വതി ഒരു ചീത്ത വികാരമുണര്‍ത്തുവാന്‍ സാധ്യതയില്ല. സത്യത്തില്‍ എന്താണ് ഹുസൈന്‍ വരച്ചസരസ്വതി എന്ന ചിത്രത്തിലുള്ളത്? നഗ്നതയാണോ? അതോ അശ്ലീലതയാണോ? വെറും ചുരുക്കം രേഖകളാല്‍ വിരചിതമായ ഒരു ചിത്രം. സ്തനങ്ങളാകട്ടെ വ്യക്തമായ ആകൃതി പോലുമില്ലാത്തവ. ചില സരസ്വതീ പ്രതിമകളില്‍ സാധാരണ കാണാറുള്ളതു പോലെ ജനനേന്ദ്രിയസ്ഥലം വീണ കൊണ്ട് മറച്ചിരിക്കുന്നു. ഇത്തരം പ്രതിമകളില്‍ നാമമാത്രമായേ അരക്കു ചുറ്റും വസ്ത്രം കാണാറുള്ളു അതാണെങ്കില്‍ ഹുസൈനിന്റെ ചിത്രത്തിലെ വീണയ്ക്കു പിറകിലെ വസ്ത്രമില്ലാത്ത അവസ്ഥയില്‍ നിന്നും വിഭിന്നമല്ല. ഇത്രമാത്രം നിര്‍ദ്ദോഷമായ രീതിയില്‍ വരച്ച ഒരു ചിത്രത്തെയാണ് ദുര്‍വ്യഖ്യാനം ചെയ്ത് അശ്ലീലം ആരോപിക്കുന്നത് എന്നറിയുമ്പോള്‍ ഭാരതീയന്‍ എന്നതില്‍ നാം ലജ്ജിക്കേണ്ടതാണ്. ഇനി മറ്റൊരു കാര്യം. എന്താണ് സരസ്വതിയുടെ ഉല്പത്തിയുടെയും ജീവിതത്തിന്റേയും കഥ? സ്വന്തം പിതാവായ ബ്രഹ്മാവു തന്നെയല്ലെ സരസ്വതിയെ കാമിച്ചത്? ഇതു പോലെത്തന്നെയല്ലേ നിരവധി ഹൈന്ദവ ദൈവങ്ങളുടെ ഉല്പത്തിക്കഥകളും, ലീലാവിലാസങ്ങളും? ഇത്തരം പാരമ്പര്യത്തില്‍ നിന്നു കൊണ്ട് ഒരാള്‍ക്ക് ഹുസൈനിനെ കല്ലെറിയാല്‍ സാധിക്കുമോ?

 20. പാര്‍ത്ഥന്‍ Says:

  [സ്വന്തം പിതാവായ ബ്രഹ്മാവു തന്നെയല്ലെ സരസ്വതിയെ കാമിച്ചത്?]കലിയുഗാരംഭത്തിൽ തന്നെ ജ്ഞാനത്തിന് അപഭ്രംശം വന്നെന്നും, ജനങ്ങളെ അജ്ഞാനത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടിയാണ് ചില ജ്ഞാനികൾ അവതാരകഥകളും മറ്റും എഴുതിയുണ്ടാക്കിയത് എന്നതും എല്ലാവർക്കും മനസ്സിലായിട്ടില്ലെങ്കിലും, സത്യമതാണ്. ആധുനികയുഗത്തിൽ വിഷ്ണുവിന് വീണ്ടും വേദത്തെ രക്ഷിച്ചെടുക്കേണ്ടിവന്നത് അതുകൊണ്ടാണ്. പക്ഷെ ജനങ്ങളുടെ ചിന്താശക്തി വീണ്ടും കുറഞ്ഞു വരുന്നതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഇപ്പൊ എന്തുണ്ടായിന്ന്ച്ചാ, സങ്കല്പങ്ങൾ എന്നുള്ളത് പോയി എല്ലാം മനുഷ്യക്കോലമായിമാറി. മകളെ ഭാര്യയാക്കിയ ബ്രഹ്മാവ്. അപ്പോൾ സരസ്വതിയുടേ തള്ള ആരായിരുന്നു? ഹുസ്സൈന്റെ സരസ്വതി എന്നെഴുതിയ ചിത്രം സരസ്വതീദേവിയായാലും ഹുസ്സൈന്റെ അമ്മയായാലും മണ്ണാത്തി ലക്ഷ്മിയായാലും ആ ഇരിപ്പ് അശ്ലീലമാണ് എന്നു മാത്രമാണ് എന്റെ അഭിപ്രായം. ഇനി ഈ ഇരിപ്പ് സാംസ്കാരികമാണെന്ന് പ്രഗത്ഭരായവർ പറയുകയാണെങ്കിൽ എല്ലാ പെൺ‌കുട്ടികളും ഇങ്ങനെ കവച്ചു വെച്ചു തന്നെ ഇരുന്നു ശീലിക്കണം എന്ന് ഒരു ഫത്വ ഇറക്കാം.

 21. TURNING IN Says:

  കഷ്ടം

 22. thooneeram Says:

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 23. thooneeram Says:

  M.F.HUSSAIN VICTIM OF INTOLERANCEഹുസൈന്‍ വിവാദത്തെക്കുറിച്ച് നല്ലൊരു ലേഖനം.

 24. വീ കെ. Says:

  നല്ലൊരു ലേഖനം… അതിലേറെ സംവാദങ്ങളും… ആശംസകൾ…

 25. thooneeram Says:

  വീ.കെ. – നന്ദി, വായനയ്ക്കും കമന്റിനും.

 26. എം.എസ്.മോഹനന്‍ Says:

  വായിച്ചു, ഇനിയുമൊരഭിപ്രായം പറയുന്നില്ല.

 27. zubaida Says:

  നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: